എല്ലാ മേഖലകളിലും കേരളം നമ്പര്‍ വണ്‍, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കുന്നു ഫെയ്സ്ബുക്ക്
Updated on
1 min read

കാസര്‍കോട്: ലോകവും രാജ്യവും കേരളത്തെ അതിശയത്തോടെ നോക്കിക്കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ കഴിയുന്നു എന്നാണ് ചോദ്യം. എല്ലാ മേഖലകളിലും കേരളത്തെ നമ്പര്‍ വണ്‍ ആക്കാനായി. തകരട്ടെ എന്നാഗ്രഹിച്ച കേന്ദ്രത്തിന് പോലും അവാര്‍ഡുകള്‍ നല്‍കേണ്ട സ്ഥിതി വന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം കാസര്‍കോട് കാലിക്കടവില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്‍ഡിഎഫ് ഭരണം കാലോചിതമായി കേരളത്തെ മാറ്റിയെന്നും കേരളം ശപിച്ചുകൊണ്ടിരുന്ന ഭരണത്തിന് 2016നോടെ വിരാമമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും കേരളത്തിന് അര്‍ഹമായ സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ല. ജനത്തിനും സര്‍ക്കാരിനും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കൊണ്ട് കേരളം വലഞ്ഞപ്പോള്‍ സഹായിച്ചില്ലെന്ന് മാത്രമല്ല, സഹായിക്കാന്‍ ശ്രമിച്ചവരെ തടയുന്ന നിലയാണുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റേത് നശീകരണ മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനവും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയും സർക്കാർ നടപ്പാക്കി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇതിന്റെ അവസ്ഥയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലൈഫ് മിഷനിലൂടെ സംസ്ഥാനത്ത് നാലരലക്ഷം വീടുകളാണ് നിര്‍മ്മിച്ചത്. ഏതു രംഗം എടുത്താലും മാറ്റത്തിന്റെ ചിത്രമേ കാണാനാകൂ. കേരളത്തിലെ മാധ്യമങ്ങള്‍ ഇടതു വിരോധം കാട്ടി കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ പിണറായി വിജയന്‍ ചടങ്ങില്‍ എടുത്തുപറഞ്ഞു. നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ രാജന്‍ പറഞ്ഞു. കേരളം എന്ന നാട് ഉണ്ടെന്ന് ഓര്‍ക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര ബജറ്റില്‍ ചൂരല്‍മല എന്നൊരു വാക്കുണ്ടായിരുന്നില്ല. വയനാട്ടിലെ അവസാന ദുരന്തബാധിതനെയും കേരളം പുനരധിവസിപ്പിക്കും. ഇത് കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍കോട് ബേക്കലില്‍ മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയും കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഐപിആര്‍ഡി സെക്രട്ടറി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഏപ്രില്‍ 21 മുതല്‍ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് സംസ്ഥാനത്തുടനീളം വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല, മേഖലാതല യോഗങ്ങള്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്താണ് വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനം നടക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com