

കോട്ടയം: മോഷണക്കേസില്‍ ജയിലിലായതോടെ കാമുകി ഉപേക്ഷിച്ചു പോയതിന്റെ പകയാണ് തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തിന് കാരണമെന്ന് പ്രതി അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴി. കോടതി അമിതിനെ റിമാന്‍ഡ് ചെയ്തതോടെ, ഗര്‍ഭിണിയായിരുന്ന യുവതി പിണങ്ങി സ്വന്തം നാട്ടിലേക്ക് പോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കു പിറന്ന കുഞ്ഞിനെ കാണാന്‍ അമിതിന് നാട്ടിലേക്കുപോകാന്‍ സാധിച്ചില്ല. ഇതും പക വളര്‍ത്തിയെന്നാണ് മൊഴിയില്‍ വ്യക്തമാകുന്നത്.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (65), ഭാര്യ ഡോ മീര വിജയകുമാർ (62) എന്നിവരെയാണ് അമിത് കൊലപ്പെടുത്തിയത്. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ, കൊലപാതകത്തിന്റെ പിറ്റേന്ന് രാവിലെ തൃശൂർ മാളയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. അന്തിയുറങ്ങാന്‍ അഭയംതേടിയാണ് പ്രതി അമിത്, സഹോദരൻ ഗുണ്ടുറാങ് ജോലി ചെയ്യുന്ന കോഴിഫാമിലെത്തുന്നത്.
സഹോദരനോ, സുഹൃത്തുക്കള്‍ക്കോ കൊലപാതകം സംബന്ധിച്ച് അറിവില്ലായിരുന്നെന്ന് പൊലീസ് സൂചിപ്പിച്ചു. കോഴിഫാമിലെത്തിയ അമിത് ഒറാങ് 'ഒരു പ്രശ്‌നമുണ്ടെന്ന്' മാത്രമാണ് സഹോദരനോട് പറഞ്ഞത്. മൂന്നുമാസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി ഗുണ്ടുറാങ് തൃശൂരെത്തിയത്. കൊല്ലപ്പെട്ട മീരയുടെ ഐ ഫോണ്‍ പ്രതിക്ക് ഓഫാക്കാനായിരുന്നില്ല. സ്വന്തം ഫോണ്‍ ഓഫാക്കി രക്ഷപ്പെട്ട പ്രതി പെരുമ്പാവൂരെത്തി സഹോദരനെ വിളിക്കാന്‍ അത് ഓണാക്കിയത് പ്രതിയുടെ നീക്കങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പൊലീസിന് സഹായകമായി. ഇതു പിന്തുടർന്നാണ് പൊലീസ് മാളയിലെ സഹോദരന്റെ കോഴിഫാമിലെത്തുന്നത്.
കൊല്ലപ്പെട്ട വിജയകുമാറിന്റെ സ്ഥാപനത്തില്‍ പ്രതിയും, വീട്ടില്‍ പെൺസുഹൃത്തും മാസങ്ങളോളം ജോലിചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ പ്രതി അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന വിജയകുമാറിന്റെ പരാതിയിലാണ് ജോലിക്കാരനായ അമിത്ത് പൊലീസിന്റെ പിടിയിലാകുന്നത്.
മോഷണക്കേസിൽ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. പ്രതിയുമായി തിരുവാതുക്കലിലെ വീടിനു സമീപം പൊലീസ് നടത്തിയ തെളിവെടുപ്പിൽ, നിർണായക തെളിവായ ഡിവിആർ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ആണ് വീടിനു സമീപത്തെ തോട്ടിൽ നിന്ന് കണ്ടെത്തിയത്. പ്രതി ഉപേക്ഷിച്ച രണ്ട് മൊബൈല്‍ ഫോണുകള്‍ സി എം എസ് കോളജിന് സമീപത്തെ തോട്ടില്‍ നിന്ന് കണ്ടെടുത്തു. കൊലപ്പെട്ട വിജയകുമാറും മീരയും ഉപയോഗിച്ചിരുന്ന ഫോണുകളാണ് ഇത്. ജോലി ചെയ്തപ്പോള്‍ മാന്യമായ ശമ്പളം നല്‍കാതിരുന്നതിനാലാണ് ഫോണ്‍ മോഷ്ടിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്തതെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates