വയനാട് പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദേശം

ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
ചൂരല്‍മല ഉരുള്‍പൊട്ടല്‍
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഫയല്‍
Updated on

തിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണം. ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. വിവിധ വകുപ്പ് തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലാണ് 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന രണ്ടു ടൗണ്‍ഷിപ്പുകളിലെ പൊതുകെട്ടിടങ്ങള്‍, 110 കെവി സബ് സ്റ്റേഷന്‍, റോഡുകള്‍, പാലം, വെള്ളാര്‍മല, മുണ്ടക്കൈ സ്‌കൂളുകളുടെ പുനര്‍നിര്‍മാണം,വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സാ സൗകര്യമുള്ള കെട്ടിടം തുടങ്ങിയ 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ പദ്ധതികളിലെ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നില്‍ കേന്ദ്രം വല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് മന്ത്രി കെ രാജന്‍ ഈ വിഷയത്തില്‍ ആരോപിച്ചു. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തത്. റിമൈന്ററിനെ കുറിച്ച് ഒരക്ഷരം പോലും പറയാതെ അവസാനിപ്പിച്ചു. ഉപാധികള്‍ ഇല്ലാത്ത ധനസഹായമാണ് കേരളം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് വായ്പയാണ്. തന്ന വായ്പക്ക് മുകളില്‍ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകള്‍ പേടിപ്പിക്കുന്നതാണ്. 45 ദിവസത്തിനകം 520 കോടി രൂപ ചെലവഴിച്ചേ മതിയാകൂ എന്ന് വാശിയോടെ കേന്ദ്രം പറയുന്നു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെ രാജന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com