
ചെന്നൈ: ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയി ചെന്നൈയില്‍ എത്തി. ഇന്നും നാളെയുമായി നടക്കുന്ന 35-മത് വിരുഗമ്പാക്കം ബ്രഹ്മസ്ഥാനം ക്ഷേത്ര മഹോത്സവമായ അമൃതോത്സവത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യകാര്‍മികത്വം വഹിക്കും. അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മാതാ അമൃതാന്ദമയി ചെന്നൈയില്‍ എത്തുന്നത്.
മന്ത്രജപങ്ങളുടെ അകമ്പടിയോടെ മുതിര്‍ന്ന സന്യാസിനികള്‍, ബ്രഹ്മചാരികള്‍, ബ്രഹ്മചാരിണികള്‍, മഠവാസികള്‍ എന്നിവരോടൊപ്പം ആശ്രമത്തില്‍ എത്തിയ മാതാ അമൃതാന്ദമയിയെ ചെന്നൈ മാതാ അമൃതാനന്ദമയി ആശ്രമം മഠാധിപതി സ്വാമി വിനയാമൃതാനന്ദപുരിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാ പൂജകളോടെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. വിരുഗമ്പാക്കത്തെ ബ്രഹ്മസ്ഥാനം ക്ഷേത്രത്തില്‍ രണ്ടു ദിവസങ്ങളിലായി ആഘോഷിക്കുന്ന മഹോത്സവം ആത്മീയവും സാംസ്‌കാരികവും ആയ നിരവധി പരിപാടികള്‍ക്ക് വേദിയാകും. 1990ല്‍ മാതാ അമൃതാന്ദമയി പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിന്റെ 35-ാമത് വാര്‍ഷികമായാണ് ഈ മഹോത്സവം നടത്തുന്നത്.
അമൃതോത്സവത്തിന്റെ ഒന്നാം ദിനമായ ഇന്ന് രാവിലെ 11 മണിയോടെ, അമ്മ വിരുഗമ്പാക്കത്തെ മാതാ അമൃതാനന്ദമയി മഠത്തിലെ പ്രത്യേക വേദിയിലേക്ക് എത്തി. അവിടെ അമ്മ സത്സംഗം, ധ്യാനം, ഭജന എന്നിവക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന്, ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. ഇരുനാളുകളിലുമായി ബ്രഹ്മസ്ഥാനം ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. രാവിലെയും വൈകുന്നേരവും പൂജകള്‍ക്കും അന്നദാനത്തിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫെബ്രുവരി 20ന് വൈകുന്നേരം ആറു മണിക്ക്, മാതാ അമൃതാന്ദമയി കരൂര്‍ അമൃത വിദ്യാലയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഈ പരിപാടിയില്‍ സത്സംഗം, ധ്യാനം, ഭജനങ്ങള്‍, തുടര്‍ന്ന് ദര്‍ശനം എന്നിവ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക