കൊള്ള മുതലിൽ നിന്നു 2.94 ലക്ഷം എടുത്ത് റിജോ സഹപാഠിയുടെ കടം വീട്ടി! പണവുമായി സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ; ചോദ്യങ്ങൾക്ക് പല മറുപടി

പ്രതിയെ ഇന്ന് വീട്ടിലും ബാങ്കിലുമെത്തിച്ച് തെളിവെടുക്കും
Rijo paid off classmate's debt
റിജോ ആന്റണി
Updated on
2 min read

തൃശൂർ: ചാലക്കുടി പോട്ടയിൽ ബാങ്കിൽ നിന്നു 15 ലക്ഷം കവർന്ന പ്രതി റിജോ ആന്റണി ഇതിൽ 2.94 ലക്ഷം നൽകിയത് അന്നനാട് സ്വദേശിയായ സഹപാഠിക്ക്. ഇയാളിൽ നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയത് എന്നാണ് വിവരം. റിജോ പിടിയിലായതു കണ്ട് ഇയാൾ ഞെട്ടി. പിന്നാലെ പണവുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അതു തിരികെ പൊലീസിനെ എൽപ്പിച്ചു. മോഷണ മുതലാണ് റിജോ തനിക്കു തന്നതെന്നു സഹപാഠിക്ക് അറിയില്ലായിരുന്നു.

റിജോയെ ഇന്ന് വീട്ടിലും ബാങ്കിലുമെത്തി തെളിവെടുപ്പ് നടത്തും. ഇന്ന് കോടതിയിലും ഹാജരാക്കും.

റിജോ ചോദ്യങ്ങൾക്കെല്ലാം പല മറുപടികൾ പറയുന്നത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വിശദമായി ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു പൊലീസ് വ്യക്തമാക്കി. പണം എന്തു ചെയ്തു, സഹായത്തിനു മറ്റാരെങ്കിലുമുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരണം.

49 ലക്ഷം രൂപ കടമുണ്ടെന്നും ഇതു വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. മോഷ്ടിച്ച പണത്തിൽ നിന്നു 2.94 ലക്ഷം രൂപയെടുത്തു കടം വീട്ടിയെന്നു റിജോ മൊഴി നൽകിയിരുന്നു. ഈ പണമാണ് സഹപാഠി പൊലീസിനെ തിരിച്ചേൽപ്പിച്ചിരിക്കുന്നത്.

ഗൾഫിൽ ദീർഘനാൾ ജോലി ചെയ്തിരുന്നു. ഇവിടെ വലിയൊരു വീട് വച്ചിട്ടുണ്ട്. വീട് വച്ചതിനും മറ്റുമായി കടം ഉള്ളതായാണ് പ്രതി പറയുന്നത്. ഈ കടബാധ്യത കവർ ചെയ്യാനാണ് കവർച്ച ആസൂത്രണം ചെയ്തത്. കവർച്ചയ്ക്ക് മുൻപ് ബാങ്കിൽ എത്തി കാര്യങ്ങൾ പഠിച്ചാണ് കവർച്ച നടത്തിയത്. ജീവനക്കാർ ഓഫീസിൽ എപ്പോഴെല്ലാം ഉണ്ടാകുമെന്നും ജീവനക്കാർ പുറത്തുപോകുന്ന സമയം എപ്പോഴാണ് എന്നെല്ലാം മനസിലാക്കിയ ശേഷമാണ് കവർച്ചയ്ക്കുള്ള സമയം തിരഞ്ഞെടുത്തത്.

തിരിച്ചറിയാതിരിക്കാൻ തല മങ്കി ക്യാപ് ഉപയോഗിച്ച് മറച്ച ശേഷമാണ് ഹെൽമറ്റ് ധരിച്ചത്. ഒരു തരത്തിലും തിരിച്ചറിയരുതെന്ന് കരുതിയാണ് ഇത്തരത്തിൽ മങ്കി ക്യാപ് കൂടി ധരിച്ചത്. മോഷണത്തിന് മുൻപും ശേഷവും മൂന്ന് തവണ ഡ്രസ് മാറി. മോഷണ സമയത്ത് രണ്ടാമത് ഡ്രസ് മാറിയപ്പോൾ ഗ്ലൗസ് വരെ ധരിച്ചു. ഫിംഗർ പ്രിന്റ് കിട്ടാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഇത്തരത്തിൽ ഒരുതരത്തിലും തന്നെ തിരിച്ചറിയരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ച ശേഷമാണ് പ്രതി കവർച്ചയ്ക്ക് ഇറങ്ങിയതെന്നു പൊലീസ് പറയുന്നു.

സ്‌കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നത്. ചാലക്കുടി പള്ളി പെരുന്നാളിന് പോയി അവിടെ ഉണ്ടായിരുന്ന ബൈക്കിന്റെ നമ്പർ ഇളക്കി മാറ്റിയാണ് സ്വന്തം സ്‌കൂട്ടറിൽ സെറ്റ് ചെയ്തത്. മോഷണത്തിന് മുമ്പ് റിയർ വ്യൂ മിറർ ഊരി വച്ചു. ഫെഡറൽ ബാങ്കിന്റെ മറ്റൊരു ശാഖയിലാണ് ഇയാൾക്ക് അക്കൗണ്ട് ഉള്ളത്. അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇയാൾ ഇടറോഡിലൂടെയാണ് സ്‌കൂട്ടർ ഓടിച്ചത്. നേരെയുള്ള വഴി വാഹനം ഓടിച്ചാൽ പിടിയിലാകുമെന്ന് മുൻകൂട്ടി മനസിലാക്കിയാണ് ഇയാൾ ഇടറോഡ് തെരഞ്ഞെടുത്തത്. ഷൂവിന്റെ അടിയിലെ കളർ ആണ് അന്വേഷണത്തിലെ തുമ്പായത്.

പൊലീസിനെ വഴിതെറ്റിക്കാൻ വാഹനം വഴിതെറ്റിച്ചു ഓടിക്കുകയും ബാങ്കിൽ ഹിന്ദി വാക്കുകൾ മാത്രം പറയുകയും ചെയ്തു. വീട് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഒരിക്കലും താൻ പിടിക്കപ്പെടും എന്ന് കരുതിയിരുന്നില്ല എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com