
കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ എംപിയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. തരൂര്‍ അറിയപ്പെടുന്ന ചിന്തകനും വാഗ്മിയും എഴുത്തുകാരനും രാഷ്ട്രീയ തന്ത്രജ്ഞനും, അനുഭവ സമ്പത്തുള്ള ലോകമറിയപ്പെടുന്ന നേതാവുമാണ്. കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജന്‍. തരൂര്‍ യഥാര്‍ത്ഥത്തില്‍ ചിന്തിക്കുന്ന മനുഷ്യനാണ്. അദ്ദേഹം അടുത്തകാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ മൂലമാണ്, കോണ്‍ഗ്രസിലെ ഒരു വിഭാഗം അദ്ദേഹത്തിന് മേല്‍ ചാടിക്കയറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഒരു യാഥാര്‍ത്ഥ്യമാണ് വിളിച്ചു പറഞ്ഞത്. കേരളം നല്ലൊരു വ്യവസായ സംരംഭ അന്തരീക്ഷമുള്ള നാടാണ്. ഇ പി ജയരാജന്‍ പറഞ്ഞു.
കേരളം അതിവേഗത്തില്‍ വളര്‍ന്നു വികസിക്കുകയാണ്. കേരളത്തിന്റെ അഭിവൃദ്ധിയില്‍ വ്യവസായങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വിദ്യാഭ്യാസം, സാമൂഹ്യനീതി, സാമൂഹിക പ്രതിബദ്ധത, വ്യവസായം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലെല്ലാം ഇടതുസര്‍ക്കാരിന്റെ കാലത്ത് ശക്തി പ്രാപിച്ചു. ഈ യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ് തരൂരിനെ കോണ്‍ഗ്രസിലെ ചില എതിര്‍ ഗ്രൂപ്പുകാര്‍ വളഞ്ഞിട്ട് അക്രമിക്കുന്നത്. കോണ്‍ഗ്രസിലെ ക്വാളിറ്റിയുള്ള നേതാവാണ് തരൂര്‍. അതിനാലാണ് പറഞ്ഞ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക