
കണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. വനം മന്ത്രി നാളെ ഇവിടം സന്ദർശിക്കും. സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞതിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. വിവരമറിഞ്ഞെത്തിയ സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റ് കെപി രാജേഷ്, ബ്ലോക്ക്, അംഗം വി ശോഭ, വാര്‍ഡ് മെമ്പര്‍ മിനി എന്നിവരും സ്ഥലത്തെത്തി. പ്രതിഷേധം തണുപ്പിക്കുവാനും മൃതദേഹം മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ആറളം എസ്എച്ച്ഒ ആന്‍ഡ്രിക് ഡൊമിക്കിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി അനുനയ നീക്കം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
അതിനിടെ സണ്ണി ജോസഫ് എംഎല്‍എ വനമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ മുന്‍കരുതല്‍ എടുക്കാമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയെങ്കിലും പ്രതിഷേധം കാരണം ഇതുവരെ സംഭവ സ്ഥലത്തു നിന്ന് മാറ്റാന്‍ സാധിച്ചിട്ടില്ല. വനം മന്ത്രി നേരിട്ട് സ്ഥലത്തെത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
10 വർഷത്തിനിടെ പൊലിഞ്ഞത് 14 ജീവനുകൾ
കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്ത് കാട്ടാനയുടെ അക്രമത്തിൽ ഒരേ സമയം രണ്ട് പേർ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യം. ഇതോടെ 10 വര്‍ഷത്തിനിടയില്‍ 14 പേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കശുവണ്ടി ശേഖരിക്കാന്‍ പോയ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കണ്ണൂർ ജില്ലയുടെ മലയോര മേഖലയെ നടുക്കിയിരിക്കുകയാണ്. ഫാം പുനരധിവാസ ബ്ലോക്ക് പതിമൂന്നില്‍ കരിക്കന്‍ മുക്ക് അങ്കണവാടി റോഡിനോട് ചേര്‍ന്നാണ് സംഭവം.
അമ്പലക്കണ്ടി നഗറില്‍ നിന്ന് എത്തി മേഖലയില്‍ ഭൂമി കിട്ടി 1542 പ്ലോട്ടില്‍ താമസിക്കുന്ന വെള്ളി (80), ഭാര്യ ലീല (75) എന്നിവരെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ഇരുവരുടെയും മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. വെള്ളിയുടെ ബന്ധുവിന്റെ പറമ്പിലാണ് സംഭവം നടന്നത്. കശുവണ്ടി ശേഖരിച്ച് വിറക് കെട്ടുമായി ഇരുവരും വീട്ടിലേക്ക് വരുന്ന വഴിയില്‍ പ്രദേശത്തെ ആളൊഴിഞ്ഞ വീടിന്റെ പിറകുവശത്ത് നിന്നു പെട്ടെന്ന് കടന്നെത്തി കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വിവരം പുറംലോകം അറിയുന്നത്. ഇരുവരും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നാണ് സംശയം. മൃതദേഹത്തിന് സമീപത്തെ രക്തപ്പാടുകള്‍ ഉണങ്ങി കട്ടപിടിച്ച നിലയിലായിരുന്നു.
ലക്ഷ്മി, ശ്രീധരന്‍, വേണു, ചാലി എന്നിവരാണ് കൊല്ലപ്പെട്ടവരുടെ മക്കൾ. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, ചന്ദ്രി, നാരായണി, മിനി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക