
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തുന്നതിനിടയിലും കടം വീട്ടി പ്രതി അഫാന്‍. പിതാവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണെന്ന അഫാന്റെ മൊഴി സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍ എന്നാണ് പൊലീസ് പറയുന്നത്. അഫാന്റെ വിശദമായ മൊഴി എടുക്കുന്നതോടെ ഇതില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ ഭാഷ്യം.
സാമ്പത്തിക ബാധ്യതയാണ് കൊലാപാതകങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ അഫാന്‍ പറഞ്ഞത്. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പുതിയ കാര്യങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ഉമ്മയെ ആക്രമിച്ച ശേഷം അഫാന്‍ നേരെ പോകുന്നത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളില്‍ സല്‍മാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് വന്നു.
വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതില്‍ നിന്നും 40000 രൂപ ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാന്‍ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ക്കായി പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തുന്നതെന്നും പൊലീസ് പറയുന്നു.
എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടര്‍മാരുടെ അനുവാദത്തോടെ പൊലീസ് സംഘം ചോദ്യം ചെയ്യാന്‍ എത്തിയെങ്കിലും കൃത്യമായ മൊഴി എടുക്കാന്‍ കഴിഞ്ഞില്ല. അഫാന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവര്‍ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും. ചില സമയങ്ങളില്‍ പരസ്പര ബന്ധമില്ലാതെയാണ് അഫാന്‍ സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക