സംസ്ഥാന സ്കൂൾ കലോത്സവത്തിനൊരുങ്ങി തലസ്ഥാനം; 25 വേദികൾ, രജിസ്ട്രേഷൻ നാളെ മുതൽ

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും.
Kerala School Kalolsavam 2025
സംസ്ഥാന സ്കൂൾ കലോത്സവം 2024സംസ്ഥാന സ്കൂൾ കലോത്സവം/ ഫയൽ
Updated on
2 min read

തിരുവനന്തപുരം 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരിതെളിയും. കലോത്സവത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തി. നാളെ കലോത്സവ വേദിയിൽ സുരക്ഷാ പരിശോധനകൾ നടക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.

സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി - നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാ‌കും. മന്ത്രിമാരായ ജിആർ അനിൽ, കെ രാജൻ, എകെ ശശീന്ദ്രൻ, റോഷി അ​ഗസ്റ്റിൻ, കെഎൻ ബാല​ഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.

തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും. വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഒന്നാം വേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുക.

25 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ കാണുന്നതിനും മത്സര പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.

മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും. പതിനയ്യായിരത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾ കൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ നൃത്തരൂപങ്ങൾ.

കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ജനുവരി 3ന് രാവിലെ തിരുവനന്തപുരത്ത് എത്തും. വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 5 മണിയോടെ പിഎംജിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻകുട്ടി സ്വർണക്കപ്പ് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്ര മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും.

സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ ജനുവരി 3 രാവിലെ 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. പ്രത്യേകം ഹെൽപ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്.

പുത്തരിക്കണ്ടം മൈതാനത്താണ് ഭക്ഷണ പന്തൽ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിക്കാണ് ഊട്ടുപുരയുടെ ചുമതല. ഒരേസമയം 20 വരികളിലായി നാലായിരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ. ജനുവരി 3ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉൽപന്ന സമാഹരണം നടത്തി കലവറ നിറയ്ക്കുന്ന പരിപാടി തുടരുകയാണ്.

പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കലവറ മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. അടിയന്തര ചികിത്സ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ സേവനവും ആംബുലൻസും എല്ലാ വേദികളിലും ഒരുക്കിയിട്ടുണ്ട്.

എല്ലാ വേദിയിലും കുടിവെള്ള വിതരണത്തിനായി സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 8ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടൊവിനോ തോമസ് മുഖ്യാതിഥിയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com