'ലീ​ഗിന് ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയോട് വല്ലാത്ത പ്രതിപത്തി, പരസ്പരം ആലോചിച്ച് കാര്യങ്ങൾ നീക്കുന്നു'

കടുത്ത ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിനു സംഭവിച്ചത് നല്ല അനുഭവ പാഠമാക്കി എടുക്കണം. വർ​ഗീയത നിങ്ങളെ തന്നെ വിഴുങ്ങിയെന്നു വരുമെന്നു ലീ​ഗിന് മുന്നറിയിപ്പ്
Pinarayi Vijayan sharply criticizes
സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നുഫെയ്സ്ബുക്ക്
Updated on
1 min read

മലപ്പുറം: മുസ്ലിം ലീ​ഗ്, കോൺ​ഗ്രസ് നിലപാടുകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. കേന്ദ്ര സർക്കാർ നിലപാടുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായേയും അദ്ദേഹം വിമർശിച്ചു. അമിത് ഷായ്ക്ക് ഡോ. ബിആർ അംബേദ്കറോടു പുച്ഛമാണെന്നു മുഖ്യമന്ത്രി ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇപ്പോൾ വലിയ തോതിൽ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നു. സാധാരണ നിലയ്ക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം സമൂഹം അം​ഗീകരിക്കുന്നില്ല. എന്നാൽ ലീ​ഗിനിപ്പം അവരോടു വല്ലാത്ത പ്രതിപത്തിയാണ്. പല കാര്യങ്ങളിലും പരസ്പരം ആലോചിച്ച് കാര്യങ്ങൾ നീക്കുന്നു. എസ്ഡിപിഐയ്ക്ക് അമിത ആഹ്ലാദം. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീ​ഗ് ഇതിനെല്ലാം കീഴ്പ്പെട്ടു കൊണ്ടിരിക്കുന്നു. ഇതെല്ലാം അത്യന്തം ആപത്കരമായ നീക്കമാണെന്നു അവർ മനസിലാക്കണം. കോൺ​ഗ്രസിനു സംഭവിച്ചത് നല്ല അനുഭവ പാഠമാക്കി എടുക്കണം. വർ​ഗീയത നിങ്ങളെ തന്നെ വിഴുങ്ങിയെന്നു വരും.

നാല് വോട്ടിന്റെ പ്രശ്നമോ, രണ്ട് സീറ്റിന്റെ പ്രശ്നമോ അല്ല. നാടിന്റെ ഭാവിയുടെ പ്രശ്നമാണ്. ഇക്കാര്യത്തിൽ കറ കളഞ്ഞ നിലപാടാണ് സിപിഎമ്മിന്. ഒരു വിട്ടുവീഴ്ചയും വർ​ഗീയതയോടില്ല. അത് ഭൂരിപക്ഷ വർ​ഗീയത ആയാലും ന്യൂനപക്ഷ വർ​ഗീയത ആയാലും. നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാൻ സിപിഎം ഒരു ഘട്ടത്തിലും തയ്യാറുമല്ല- അദ്ദേഹം തുറന്നടിച്ചു.

സംഘ പരിവാർ ആക്രമണങ്ങളിൽ മുസ്ലിം വിഭാ​ഗങ്ങളാണ് ഏറ്റവും അധികം ഇരകളാകുന്നത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വിട്ടുവീഴ്ചയില്ലാതെ വർ​ഗീയതയെ നേരിടുന്ന പാർട്ടിയാണ് കോൺ​ഗ്രസ് പറയാൻ അവർക്ക് സാധിക്കുമോ. കോൺ​ഗ്രസ് നേതാക്കളും അണികളും ബിജെപിക്കൊപ്പം പോകുന്നു. ആ അനുഭവത്തിൽ നിന്നു കോൺ​ഗ്രസ് പഠിക്കുന്നുണ്ടോ. വർ​ഗീയതയുടെ ആടയാഭരണങ്ങൾ അണിഞ്ഞ ഒരുപാട് കോൺ​ഗ്രസ് നേതാക്കളുണ്ട്. സംഘപരിവാറിനൊപ്പം ചേർന്നു പരസ്യ നിലപാട് എടുക്കുന്ന കോൺ​ഗ്രസ് നേതാക്കളുമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ നയം ജന ജീവിതം ദുഃസഹമാക്കി. കോൺ​ഗ്രസ് നയങ്ങളുടെ മൂർദ്ധ്യനാവസ്ഥയാണ് ഇപ്പോൾ കേന്ദ്രം നടപ്പാക്കുന്നത്. ബിജെപിക്കും കോൺ​ഗ്രസിനും ഒരേ സാമ്പത്തിക നയമാണ്. കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി നയമാണ് നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിനെതിരായ ജന വികാരം തിരിച്ചു വിടാൻ വർ​ഗീയ സംഘർഷങ്ങൾ ഉണ്ടാക്കുകയാണെന്നും പിണറായി വിമർശിച്ചു.

കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോഴാണ് ചില മാസങ്ങളിൽ ക്ഷേമ പെൻ‌ഷൻ കൊടുക്കാൻ സാധിക്കാതെ വന്നത്. വയനാട് ദുരന്തത്തിൽ കൃത്യ സമയത്ത് കേന്ദ്ര സഹായം ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങൾക്ക് കൃത്യ സമയത്തു സഹയാം ലഭിച്ചു. കേ​ന്ദ്രത്തിന് കേരളത്തിലെ ജനങ്ങളോടു എന്തിനാണ് ഇത്ര പകയെന്നും പിണറായി വിജയൻ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com