കലാ മാമാങ്കത്തിന് തിരി തെളിഞ്ഞു; അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരിയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.
സംസ്ഥാന സ്‌കുള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സ്‌കുള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു ടെലിവിഷന്‍ ചിത്രം
Updated on
2 min read

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്ത് രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ കലാസാംസ്‌കാരിക രംഗത്തെ സംബന്ധിച്ച് വലിയ നഷ്ടം സംഭവിച്ച വര്‍ഷമാണ് കടന്നുപോയിരിക്കുന്നത്. എംടി വാസുദേവന്‍ നായര്‍ വിടവാങ്ങിയ വര്‍ഷമാണ് കടന്നുപോയത്. എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് വ്യത്യസ്തമായ വ്യാഖ്യാനമുണ്ടാകുന്ന വേദിയാണ് സ്‌കൂള്‍ കലോത്സവം. കേരളത്തെ ആകെ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത് കഴിഞ്ഞ വര്‍ഷമാണ്. അതിന്റെ സാഹചര്യത്തില്‍ അവിടുത്തെ കുട്ടികള്‍ക്ക് പഠനം മുടങ്ങുന്ന സാഹചര്യമുണ്ടായി. അതിനെ മറികടക്കാനുള്ള സത്വര നടപടികളിലുടെ അവരെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഈ വേദിയില്‍ സംഘനൃത്തം അവതരിപ്പിക്കുകയാണ് ആ നിലയ്ക്ക് കലാപ്രകടനം എന്നതിലുപരി അതിജീവനനത്തിന്റെ കൂടി നേര്‍ക്കാഴ്ചയാവുകയാണ് ഈ കലോത്സവ വേദി.

വലിയ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളാവുകയാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിയും. കലോത്സവവേദികളില്‍ മാറ്റുരച്ച നിരവധി പ്രതിഭകളില്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പിന്നിട് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആ ബൃഹത് പാരമ്പര്യം ഉള്‍ക്കൊണ്ടുവേണം ഈ കലോ്ത്സവങ്ങളില്‍ പങ്കെടുക്കാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിനായി നാളെ ഈ സമൂഹത്തെ ഒന്നടങ്കം മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് നിങ്ങള്‍ ഓരോരുത്തരും. ആ ബോധ്യത്തോടെയുള്ള ഈ കലോത്സവത്തിലെ പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആതിരിച്ചറിവോടെ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

മനുഷ്യര്‍ പൊതുവെ ഉത്സവപ്രിയരാണ്. ജീവിത ദുരന്തങ്ങളെ അഭിമൂഖികരിക്കുമ്പോള്‍ പോലും ജീവിതം ഒരു ഉത്സവമാക്കുന്നതിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നവരാണ്. അത്തരം സ്വപ്‌നങ്ങളാണ് വലിയ ജനകീയ വിപ്ലവങ്ങള്‍ക്കും സാമൂഹികമാറ്റങ്ങള്‍ക്കും വഴിവച്ചിട്ടുള്ളതെന്നതിന് ലോകചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. പഠനപക്രിയയ്ക്ക് പുറത്തുള്ള സംഗതിയാണ് കലാസാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങളെന്ന കാഴ്ചപ്പാടിന് മാറ്റം വന്നിട്ടുണ്ട്. കേവലം വൈജ്ഞാനിക വികാസം മാത്രമല്ല മറിച്ച് കുട്ടിയുടെ കലാപരവും കായികവുമായ കഴിവുകളുടെയും വ്യക്തിത്വത്തിന് തന്നെയും സര്‍വതലസ്പര്‍ശിയായ വികാസമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിന്റെ

അഭിവാജ്യഘടകമാണ് കലാസാഹിത്യപ്രവര്‍ത്തനങ്ങളുടം അതിന്റെ മൂര്‍ത്തിഭാവമായ ഇത്തരം മേളകളും. ഓരോവിദ്യാര്‍ഥിയിലും അന്തര്‍ലീനമായിരിക്കുന്ന കലാകാരനെ ഉണര്‍ത്തിയെടുക്കാനുള്ള പ്രക്രിയകൂടിയാകണം വിദ്യാഭ്യാസം. കുട്ടികളിലെ കലാപരമായ ശേഷികളെ മാത്രമല്ല അവരുടെ നന്മകളെ കൂടി പ്രകാശിപ്പിച്ചെടുക്കാന്‍ കഴിയണം.

ചുരുക്കത്തില്‍ ഒരുമനുഷ്യന്റെ പൂര്‍ണമായ ജീവിത്തെ അഭിസംബോധന ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന പക്രിയ. രോഗാതുരമായ മനസിനെ ചികിത്സിക്കാന്‍ ഏറ്റവും ഉത്തമമായ ഒഔഷധം കലയാണ്. മനുഷ്യരാശിക്ക് നഷ്ടമാകുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാനാകും. വിദ്യാഭ്യസത്തില്‍ കലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതിലൂടെ വ്യക്തികളുടെ ക്രിയാത്മകത വര്‍ധിപ്പിക്കാന്‍ സാധിക്കും. ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കാന്‍ സാധിക്കും. തളരാതെ അതീജിവിക്കാന്‍ വേണ്ട മനോബലം കൂടി കലാരംഗത്തേക്ക് കടക്കുന്നവര്‍ ആര്‍ജിക്കേണ്ടതുണ്ട്. കലോത്സവ വേദികള്‍ കിടമത്സരങ്ങളുടെയും തര്‍ക്കങ്ങളുടെ വേദിയാകാറുണ്ട്. അത് ഉണ്ടാവാതിരിക്കാന്‍ കലാപരമായ കഴിവുകളുടെ പ്രകാശനത്തിന് കൈവരുന്ന അവസരമായി ഇതിനെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പതിനൊന്നു മണിക്കു കലാമത്സരങ്ങള്‍ക്കു തുടക്കമായി. മന്ത്രിമാരായ ജി.ആര്‍.അനില്‍, കെ.രാജന്‍, എ.കെ.ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, കലക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിജയമല്ല പങ്കെടുക്കലാണ് പ്രധാനപ്പെട്ട കാര്യമെന്ന് മത്സരാര്‍ഥികളോടു മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മത്സരാര്‍ഥികള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് 1500 രൂപയായി വര്‍ധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അനന്തപുരിയിലേക്ക് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്. 2016ല്‍ തിരുവനന്തപുരത്തു നടന്ന കലോത്സവത്തില്‍ കിരീടം ചൂടിയത് കോഴിക്കോട് ജില്ലയായിരുന്നു. പാലക്കാടായിരുന്നു റണ്ണറപ്. കഴിഞ്ഞ വര്‍ഷം കൊല്ലത്തുനടന്ന സംസ്ഥാന കലോത്സവത്തില്‍ കണ്ണൂരായിരുന്നു ചാംപ്യന്‍മാര്‍. കോഴിക്കോട് രണ്ടാംസ്ഥാനത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com