ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍

കുന്നത്തൂരില്‍ പത്താം ക്ലാസുകാരന്റെ ആത്മഹത്യയില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റില്‍.
kollam death
പത്താംക്ലാസുകാരന്റെ മരണത്തില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍
Updated on

കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റില്‍. പതിനഞ്ചുകാരനായ ആദി കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണന്റെ മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇതിന്റെ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ആത്മഹത്യ. ആദികൃഷ്ണനെ വീടിനുള്ളില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതിനെ തുടര്‍ന്നാണ് ശാസ്താംകോട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികളുടെ മാനസിക, ശാരീരിക പീഡനമാണ് കുട്ടിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് എഫ്‌ഐആറില്‍ പറയുന്നു.

മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം രാത്രി ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും അടിക്കുകയും ചെയ്തിരുന്നു. പ്രതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ആ തര്‍ക്കം ഉന്നയിച്ചാണ് കുട്ടിയെ പ്രതികള്‍ അടിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com