പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കം താത്കാലികമായി നിർത്തിവച്ചു. ഒരു മാസം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.
ഫെബ്രുവരി 5 വരെ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കില്ല. വടക്കഞ്ചേരിയിൽ പിപി സുമോദ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
5 പഞ്ചായത്തുകളിലെ നാല് ചക്ര വാഹനങ്ങളുടെ കണക്കെടുക്കാനും എംപി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ അടുത്ത മാസം 5നകം ചർച്ച നടത്താനും തീരുമാനിച്ചു. 5 പഞ്ചായത്തുകളിലായി എത്ര നാല് ചക്ര വാഹനങ്ങൾ ടോൾ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നുവെന്ന കണക്ക് ഈ മാസം 30നകം വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ എടുക്കാനും തീരുമാനിച്ചു.
സൗജന്യമായി പോകേണ്ടവർ ആരൊക്കെയാണെന്നു കൃത്യമായ ഒരു ഡാറ്റ ശേഖരിക്കാനാണ് കണക്കെടുക്കുന്നതെന്നു എംഎൽഎ വ്യക്തമാക്കി. പണം കൊടുത്തു യാത്ര ചെയ്യില്ലെന്നു പ്രദേശവാസികൾ കടുത്ത തീരുമാനമെടുത്ത പശ്ചാത്തലത്തിലായിരുന്നു ചർച്ച.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക