Honey Rose's complaint; Case against Bobby Chemmanur; Non-bailable charges filed
ബോബി ചെമ്മണൂര്‍ - ഹണി റോസ്‌

ഹണി റോസിന്റെ പരാതി; ബോബി ചെമ്മണൂരിനെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

നേരത്തെ ബോബി ചെമ്മണൂരിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Published on

കൊച്ചി: നടി ഹണി റോസ് നല്‍കി പരാതിയില്‍ ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടും ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസ് എടുത്തത്. നേരത്തെ ബോബി ചെമ്മണൂരിനെതിരെ നടി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 7ന് ബോബി ചെമ്മണ്ണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ നേരിട്ട ലൈംഗികാതിക്രമങ്ങളും അതിനു ശേഷവും പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അതിന് പിന്നാലെ പരാതി നല്‍കിയ വിവരം നടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.

എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരെ നടി നേരിട്ടു കണ്ടിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരമാണു പരാതി നല്‍കാന്‍ തീരുമാനിച്ചത്. വൈകിട്ട് അഞ്ചരയോടെയാണു സെന്‍ട്രല്‍ സ്റ്റേഷനിലെത്തി നടി പരാതി കൈമാറി.

'ബോബി ചെമ്മണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു.' ഹണി റോസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com