മലപ്പുറം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ സജീവമാക്കി പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തും. പി കെ കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫിനൊപ്പം ചേരുമെന്ന് പി വി അൻവർ പറഞ്ഞു. താന്‍ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോ എന്നു യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് സ്വീകരിച്ചില്ലെങ്കില്‍ അനുയായി ആയി തുടരുമെന്നും പി വി അന്‍വര്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പിണറായിസത്തിനെതിരായ പോരാട്ടം തുടരും. ഡിഎംകെ ഉണ്ടാക്കിയതും താന്‍ ഈ കോലത്തിലായതും പിണറായിസത്തെ എതിര്‍ത്തതിനാലാണ്. ഡിഎംകെ പാര്‍ട്ടിയായി നില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണ്. പിണറായി സര്‍ക്കാരിനെ തകര്‍ത്ത് യുഡിഎഫിനെ അധികാരത്തിലെത്തിക്കണം. യുഡിഎഫുമായി കൈകോര്‍ക്കുന്നത് പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ്. അറസ്റ്റ് ചെയ്ത സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നില്‍ക്കില്ല. സാഹചര്യത്തിന് അനുസരിച്ചു മാറ്റേണ്ടി വരും. പൊതുസമൂഹം ഒന്നടങ്കം പ്രതിസന്ധിയെ നേരിടുമ്പോള്‍ 'ഞാന്‍ പണ്ട് അതു പറഞ്ഞല്ലോ' എന്ന വടിയും പിടിച്ചല്ല നില്‍ക്കേണ്ടത്. സാമൂഹ്യ തിന്മയ്‌ക്കെതിരെ പോരാടുക എന്നതാണ് പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തം.
ആരുടെ കൂടെയാണെങ്കിലും ആത്മാര്‍ഥമായി, ജനങ്ങളോടൊപ്പം, മരിച്ചുനില്‍ക്കും. ഈ വിഷയങ്ങളെല്ലാം ഏറ്റെടുത്തതു ജനങ്ങള്‍ക്കു വേണ്ടിയാണ്. യുഡിഎഫിന്റെ പിന്നില്‍ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തില്‍ വരണം. ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. എംഎല്‍എ സ്ഥാനവും മറ്റു പദവികളും തരേണ്ട എന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
'എനിക്കുശേഷം പ്രളയം എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിന്ത. അതാണ് പിണറായിയുടെയും സിപിഎമ്മിന്റെയും സമീപകാല നയങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു?. എല്ലാ നേതാക്കളെയും ആര്‍എസ്എസിന്റെ ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണ് പിണറായിസം. പിണറായിയുടെ കയ്യും കാലും നാവുമെല്ലാം ബന്ധിതമാണ്. ഈ ചരടുകളെയെല്ലാം അറ്റം ആര്‍എസ്എസിന്റെ കൈകളിലാണ്'.
വന്യമൃഗശല്യത്തിനെതിരായ വിപ്ലവം കേരളത്തില്‍ തുടങ്ങണം. ഇതിന്റെ നേതൃത്വം യുഡിഎഫ് ഏറ്റെടുക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താന്‍ ഈ വിഷയം മാത്രംമതി. 63 മണ്ഡലങ്ങളിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്. മുന്നണിയെന്നാല്‍ ജനങ്ങളാണ്. ജനങ്ങളുടെ വിഷയം യുഡിഎഫ് ഏറ്റെടുക്കണം. മലയോര മേഖലയിലെ മുഴുവന്‍ ക്രൈസ്തവ സഭകളുമായും തിരുമേനിമാരുമായും സംസാരിക്കണം. ഇവരെയെല്ലാം കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കണം. പി വി അന്‍വര്‍ ആവശ്യപ്പെട്ടു.
ആനയും പന്നിയും പെറ്റുപെരുകിയതുകൊണ്ട് ആവാസ വ്യവസ്ഥയ്ക്ക് എന്തുഗുണം?. വന നിയമം പാസായാല്‍ വനം ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറും. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ബില്‍. വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. തോമസ് കെ തോമസിനെ വനം മന്ത്രിയാക്കിയാല്‍ വനം ഭേദഗതി ബില്ലില്‍ ഒപ്പിടില്ല. അതുകൊണ്ടാണ് എകെ ശശീന്ദ്രനെ മാറ്റാൻ പിണറായി വിജയൻ തയ്യാറാകാത്തത്. ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ തെമ്മാടിത്ത കേന്ദ്രങ്ങളായെന്നും പി വി അന്‍വര്‍ ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക