പുലര്‍ച്ചെ നാലു മണി മുതല്‍ പൊലീസ് കാത്തുനിന്നു; ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍

ബോബിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷമാണ്
Bobby Chemmanur was arrested after dramatic maneuvers
ബോബി ചെമ്മണൂര്‍
Updated on

കൊച്ചി: നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിനെ പിടികൂടിയത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. വയനാട്ടിലെ ഫാം ഹൗസില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകാനിറങ്ങിയ ബോബിയെ കാര്‍ വളഞ്ഞ് അതിനാടകീയമായാണ് പിടികൂടിയത്. ബോബിയെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കം ലോക്കല്‍ പൊലീസ് പോലും അറിഞ്ഞത് അവസാന നിമിഷമാണ്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ കസ്റ്റഡിയില്‍ എടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബോബിക്കെതിരെ കേസെടുത്തതിനു പിന്നാലെയാണു പൊലീസിന്റെ മിന്നല്‍ നീക്കം. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണൂരിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഒളിവില്‍ പോകുന്നതിനും മുന്‍കൂര്‍ ജാമ്യത്തിനുമുള്ള നീക്കമാണ് പൊലീസ് പൊളിച്ചത്.

രണ്ട് ദിവസമായി ബോബി വയനാട്ടില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇവിടെനിന്നുള്ള ഡാന്‍സാഫ് സ്‌ക്വാഡ് (ലഹരി വിരുദ്ധ സ്‌ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്. റിസോര്‍ട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com