'അതിഥിയായി എത്തിയ ചടങ്ങില്‍ പ്രശ്‌നമുണ്ടാക്കേണ്ടെന്ന് കരുതി മിണ്ടാതിരുന്നു; അമ്മ അന്ന് തന്നെ പരാതി അറിയിച്ചു'; കോടതിയില്‍ ചൂടേറിയ വാദങ്ങള്‍

കണ്ണൂര്‍ ആലങ്കോട് ചെമ്മണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന വേദിയിലെ വ്യവസായി ബോബി ചെമ്മണൂരിന്റെ പെരുമാറ്റമാണ് നടി ഹണി റോസിന്റെ പരാതിക്ക് അടിസ്ഥാനമെന്ന് പ്രോസിക്യൂഷന്‍
Bobby chemmannur, Honey rose
ബോബി ചെമ്മണൂർ, ഹണിറോസ് ഫയൽ
Updated on

കൊച്ചി: കണ്ണൂര്‍ ആലങ്കോട് ചെമ്മണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന വേദിയിലെ വ്യവസായി ബോബി ചെമ്മണൂരിന്റെ പെരുമാറ്റമാണ് നടി ഹണി റോസിന്റെ പരാതിക്ക് അടിസ്ഥാനമെന്ന് പ്രോസിക്യൂഷന്‍. 2024 ഓഗസ്റ്റ് ഏഴിനായിരുന്നു ഉദ്ഘാടനം. അന്ന് വേദിയില്‍ ബോബി ചെമ്മണൂരിന്റെ പെരുമാറ്റം നല്ല ഉദ്ദേശ്യത്തോടെയായിരുന്നില്ലെന്ന് ജാമ്യാപേക്ഷയിന്മേലുള്ള വാദത്തിനിടെ പ്രോസിക്യൂഷന്‍ വാദിച്ചു.

പൊതുവേദിയില്‍ അനുവാദമില്ലാതെ നടിയുടെ കയ്യില്‍ കടന്നുപിടിച്ച ബോബി ചെമ്മണൂര്‍ നടിയെ വട്ടംകറക്കി ലൈംഗിക ചുവയോടെ സംസാരിച്ചതായി പരാതിയില്‍ പറയുന്നു. അന്ന് നടിയെ നെക്ലസ് അണിയിച്ച പ്രതി ഒരു തവണ വട്ടം കറക്കിയ ശേഷം 'മാലയുടെ പിന്‍ഭാഗം ഒരിക്കല്‍ കൂടി കാണൂ' എന്ന് പറഞ്ഞ് രണ്ടാമതും വട്ടംകറക്കിയതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി നടിയെപ്പറ്റി ദ്വയാര്‍ഥത്തില്‍ മോശം പരാമര്‍ശം നടത്തിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.

ആരോപിക്കപ്പെടുന്ന കുറ്റകൃത്യം നടന്നതായി പറയുന്ന തീയതിക്ക് ശേഷവും പ്രതിയോട് പരാതിക്കാരി നല്ലബന്ധം പുലര്‍ത്തിയിരുന്നതായും അഞ്ചുമാസങ്ങള്‍ക്ക് ശേഷം പരാതി പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. അന്ന് കൈയില്‍ പിടിക്കുകയായിരുന്നില്ല, കൈ നീട്ടിയപ്പോള്‍ നടി അത് സ്വീകരിച്ച് കൈയില്‍ പിടിക്കുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. കൈയില്‍ പിടിച്ച് വട്ടത്തില്‍ കറക്കിയത് ചുറ്റും കൂടിയിരുന്നവരെ രസിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചായിരുന്നുവെന്നും മറ്റൊരു അര്‍ഥത്തിലായിരുന്നില്ലെന്നും വാദിച്ചു. ഇതിന് ശേഷം നടി അവിടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അവര്‍ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കില്‍ നടിയുടെ ഭാഗത്ത് നിന്ന് ഈ നടപടിയുണ്ടാകുമായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ഒരു പ്രശ്‌നമുണ്ടാക്കേണ്ടെന്ന് കരുതിയാണ് സംഭവം നടന്ന സമയത്ത് പ്രതികരിക്കാതിരുന്നതെന്ന് നടി പറഞ്ഞു. ഉദ്ഘാടന പരിപാടിയുടെ കോഓര്‍ഡിനേറ്ററായിരുന്ന ഷാനവാസ് ഖാനോട് നടിയുടെ അമ്മ അന്നുതന്നെ ഇക്കാര്യത്തിലുള്ള പരാതിയും പ്രതിഷേധവും അറിയിച്ചിരുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ പരാമര്‍ശിക്കാന്‍ പുരാണ കഥാപാത്രത്തിന്റെ പേരുപറഞ്ഞതില്‍ പോലും പ്രതിക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

നടിക്ക് അലോസരവും മാനസിക സമ്മര്‍ദ്ദവുമുണ്ടാക്കുന്ന തെറ്റായ സമീപനം ബോബി വീണ്ടും തുടര്‍ന്നതും സാമൂഹിക മാധ്യമങ്ങളെ അതിനായി ദുരുപയോഗിച്ചതുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com