'കുറ്റവാളികളെന്ന പോലെ ക്രൈംബ്രാഞ്ച് പെരുമാറുന്നു'- മാമിയുടെ ‍ഡ്രൈവറേയും ഭാര്യയേയും വിട്ടയച്ചു

തുടർച്ചയായ ചോദ്യം ചെയ്യൽ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ തുഷാരയും
Mami's driver and wife
രജിത് കുമാറും തുഷാരയും
Updated on

കോഴിക്കോട്: ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യൽ കാരണമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്നു മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ തുഷാരയും പൊലീസിനു മൊഴി നൽകി. കുറ്റവാളികളോടു പെരുമാറുന്നതു പോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് രജിത്തിനെയും ഭാര്യയെയും കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇവർ മുറിയെടുത്ത് താമസിച്ചിരുന്നെന്നും, പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പരാതിയിൽ സൂചിപ്പിച്ചിരുന്നത്. എലത്തൂർ സ്വദേശി രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്.

​ഗുരുവായൂരിൽ നിന്നു കോഴിക്കോട്ട് എത്തിച്ച ഇരുവരേയും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.

ദുരൂഹ സാഹചര്യത്തിൽ കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മാമിയുടെ ഡ്രൈവറായിരുന്ന രജിത് കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു. ഫോൺ പൊലീസ് പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കോഴിക്കോട് നിന്നു ദമ്പതികൾ ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഓട്ടോയിൽ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും, അവിടെ നിന്നു അവർ തെക്കോട്ടുള്ള ട്രെയിനിൽ കയറിയതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ഇവരുടെ ചിത്രം സഹിതമുള്ള പോസ്റ്റർ പൊലീസ് പുറത്തിറക്കി. ഇതാണ് വഴിത്തിരിവായത്. ദമ്പതികൾ ​ഗുരുവായൂരിലെ ഒരു ലോഡ്ജിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടുത്തിടെ രജിത് കുമാർ മാമി ആക്ഷൻ കൗൺസിലിന്റെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ഒരു വോയ്സ് സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ നടക്കാവ് പൊലീസിന്റെ ഭാ​ഗത്തു നിന്ന് വീഴ്ചയുണ്ടായി. തങ്ങളെ കുടുക്കുവാൻ ശ്രമം നടക്കുകയാണെന്നായിരുന്നു ആരോപണം. 20 വർഷത്തിലേറെയായി രജിത് കുമാർ മാമിയുടെ ഡ്രൈവറായിരുന്നു. 2023 ഓഗസ്റ്റ് 21 നാണ് മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com