എംആർ അജിത് കുമാറിന് തിരിച്ചടി; കൂടുതൽ വ്യക്തത വേണം, വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് മടക്കി ഡയറക്ടർ ‌‌

കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി.
mr ajith kumar
എഡിജിപി എംആർ അജിത് കുമാർ ഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി അയച്ച് ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി.

നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.

എന്നാൽ ഈ ആരോപണം പൂർണമായും തെറ്റ് ആണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഢംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ലാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം.

എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com