
കൊച്ചി: ഭാവിയിൽ കൊച്ചിയിലെ ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുണ്ട്. എന്നാൽ കൊച്ചി 100 ശതമാനം വെള്ളത്തിനടയിലാകുമെന്ന വാദം പരിചയമില്ലാത്ത ആളുകള്‍ പറയുന്നതാണെന്ന് യുഎൻ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു.
ഭാവിയില്‍ കൊച്ചിക്ക് എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് വിശാലമായ ഒരു വിലയിരുത്തല്‍ 'ക്ലൈമറ്റ് സെന്‍ട്രല്‍' എന്ന വെബ്‌സൈറ്റ് നല്‍കുന്നുണ്ട്. കൊച്ചിയുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള പ്രദേശങ്ങള്‍ ഇത്തരത്തില്‍ അവർ വിശകലനം ചെയ്തിട്ടുണ്ട്. അത് പരിശോധിച്ചാല്‍ 2050.., 2070.., 2100 എന്നിങ്ങനെ പല വർഷങ്ങളിൽ കാലാവസ്ഥ വ്യതിയാനത്തെ തുര്‍ന്ന് കൊച്ചിയില്‍ എന്ത് സംഭവിക്കുമെന്ന് തിരിച്ചറിയാം. പ്രകൃതി ദുരന്തങ്ങൾ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും എത്ര വീടുകള്‍ വെള്ളത്തില്‍ മുങ്ങുമെന്നും വളരെ കൃത്യമായി അതില്‍ മാപ്പ് ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറയുന്നു.
ജലനിരപ്പ് ഉയരുന്നതനുസരിച്ച് പ്രതിരോധം തീർക്കാൻ കൊച്ചിയില്‍ ഉയര്‍ന്ന ശേഷിയുള്ള പമ്പുകള്‍ സ്ഥാപിക്കുക, വലിയ ജലസംഭരണികള്‍ സൃഷ്ടിക്കുക തുടങ്ങിയ പരിഹാരങ്ങള്‍ എഞ്ചിനീയറിങ് വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ പ്രായോഗികമാണ്. എന്നാൽ പ്രകൃതിയുമായുള്ള യുദ്ധത്തില്‍ നമ്മള്‍ വിജയിക്കാന്‍ പോകുന്നില്ല. കടലിലെ ഉയർന്ന ജലനിരപ്പ് പ്രതിരോധിക്കാൻ ഇന്ന് ഒരു മീറ്റര്‍ നീളത്തില്‍ കടൽഭിത്തി നിർമിക്കാം. എന്നാൽ അതിൽ നിന്നുവെന്ന് വരില്ല. അടുത്ത 50 വര്‍ഷം കഴിയുമ്പോള്‍ അത് ഒന്നര മീറ്ററായി ഉയത്തേണ്ടി വരും. അങ്ങനെ കടല്‍ഭിത്തി ഉയര്‍ത്തി പ്രതിരോധിക്കുന്നതിലും നല്ലത് വികസിച്ചു വരുന്ന ജലത്തിനായി കുറച്ചു ഭൂമി വിട്ടു കൊടുക്കുകയെന്നതാണ്. ജലത്തെ ഉൾക്കൊള്ളുന്നതിന് നഗരത്തിലെ ഒരു ഭാഗം ബഫർ സോൺ ആക്കി മാറ്റണമെന്നും അദ്ദേഹം പറയുന്നു.
2014-ൽ ചൈനയിൽ വെള്ളപ്പൊക്കം തടയുന്നതിന് അവതരിപ്പിച്ച ആശയമാണ് 'സ്പോഞ്ച് സിറ്റി'. പ്രകൃതിദത്ത സവിശേഷതകൾ ഉപയോഗപ്പെടുത്തി അധിക ജലത്തെ ആഗിരണം ചെയ്തു സാവധാനം പുറത്തുവിടുന്ന രീതിയാണിത്. ഇതിന് സമാനമായി കൊച്ചി നഗരത്തിലും ഇത്തരം മേഖലങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയും. എറണാകുളം ബസ് സ്റ്റാന്‍ഡും മഹാരാജാസ് കോളജ് ഗ്രൗണ്ടുമൊക്കെ വലിയ കുളങ്ങളായി മാറ്റുന്ന സാഹചര്യം ഉണ്ടെങ്കില്‍ ആ മേഖലയെ ബഫര്‍ സോണ്‍ ആക്കി മാറ്റാന്‍ സാധിക്കും. കൊച്ചിയിലെ ഏറ്റവും ദുർബലമായ പ്രദേശമാണ് എറണാകുളം ജനറൽ ആശുപത്രി ഇരിക്കുന്ന പ്രദേശം. രണ്ട് രീതിയിൽ ഈ സാഹചര്യം കൈകാര്യം ചെയ്യാം.
മറൈൻഡ്രൈവിന് അപ്പുറം കടൽഭിത്തി ഉണ്ടാക്കി ആ പ്രദേശം സംരക്ഷിക്കാം. അല്ലെങ്കിൽ ഇനി ജനറൽ ആശുപത്രിയുടെ വികസിപ്പിക്കുമ്പോൾ ബൈപ്പാസിന് അപ്പുറത്തേക്ക് മാറ്റിയുള്ള നിര്‍മാണം പരിഗണിക്കാം. കാലക്രമേണ ആശുപത്രി മുഴുവനുമായി പ്രവര്‍ത്തനം ആ പ്രദേശത്ത് നിന്ന് മാറ്റുക. കൂടാതെ ആ പ്രദേശം തുറന്ന് കിടക്കുന്നത് കൊച്ചിയെ കുറച്ചു കൂടി മികച്ച നഗരമാക്കും. കാലാവസ്ഥയ്ക്ക് അനുയോജ്യമായ നടപടിയാണിതെന്നും അദ്ദേഹം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക