വിഡി സതീശനോട് മാപ്പുചോദിക്കുന്നു; 150 കോടിയുടെ അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്; പിവി അന്‍വര്‍

പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറയുകയായിരുന്നു.
പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു
പിവി അന്‍വര്‍ മാധ്യമങ്ങളെ കാണുന്നു ടെലിവിഷന്‍ ചിത്രം
Updated on

തിരുവന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശനാനുസരണമെന്ന് പിവി അന്‍വര്‍. താന്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശാനുസരമാണ് എംഎല്‍എ സ്ഥാനം രാജിവച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. തന്നോടൊപ്പം നിന്ന നിലമ്പൂരിലെ എല്ലാ ജനങ്ങള്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. തന്നെ നിയമസഭയിലെത്തിച്ച ഇടതുമുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദിയെന്നും സ്പീക്കര്‍ക്ക് രാജി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു. പതിനൊന്നാം തീയതി തന്നെ ഓണ്‍ലൈനായി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയിരുന്നു. എംഎല്‍എ സ്ഥാനംരാജിവയ്ക്കുമ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതി രാജിക്കത്ത് കൊടുക്കണമെന്നാണ് നിയമം. ഇന്ന് നേരിട്ടെത്തി രാജി നല്‍കുകയും ചെയ്തു. രാജി സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനാണെന്നും പിവി അന്‍വര്‍ പറഞ്ഞു.

രാജിവയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല കൊല്‍ക്കത്തയിലേക്ക് പോയത്. ബംഗാള്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിശദീകരിക്കുകയും ചെയ്തു. വന്യജീവിനിയമം കാരണം കേരളം ബുദ്ധിമുട്ടുകയാണ്. ഈ പ്രശ്‌നങ്ങള്‍ ദീദിയെ അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ചുപോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മമതാ ബാനര്‍ജി തനിക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി ഈ വിഷയം ഉന്നയിക്കുമെന്നും എംഎല്‍എ സ്ഥാനം രാജിച്ച് പോരാട്ടത്തിനിറങ്ങാന്‍ മമത നിര്‍ദേശിക്കുകയും ചെയ്തു.

പി ശശിക്കും അജിത് കുമാറിനുമെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളിപ്പറയുകയായിരുന്നു. പി ശശിക്കെതിരെ നടത്തിയ പോരാട്ടം അവജ്ഞയോടെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് മനസിലായത്. മുഖ്യമന്ത്രിക്കെതിരെ വന്നതോടെ ഇടതുനേതൃത്വം തന്നെ പാടെ ഒഴിവാക്കുകയായിരുന്നു. ഒരുപാട് പാപഭാരങ്ങള്‍ പേറിയാണ് താന്‍ നടക്കുന്നത്. പ്രതിപക്ഷനേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പറഞ്ഞത് പി ശശിയാണ്. 150 കോടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്നിട്ടുണ്ടെന്ന് പറഞ്ഞ് കൃത്യമായി ടൈപ്പ് ചെയ്തു തരികയായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും നിയമസഭയില്‍ പ്രതിപക്ഷം ദയയില്ലാത്തവിധം ആരോപിച്ചപ്പോഴാണ് താന്‍ ഇത് ഏറ്റെടുത്തത്. അദ്ദേഹത്തിനോട് താന്‍ മാപ്പു ചോദിക്കുകയാണെന്നും വിഡി സതീശന്‍ തന്റെ മാപ്പപേക്ഷ സ്വീകരിക്കണമെന്നും അന്‍വര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com