Kaloor Controversial dance program GCDA officer suspended, order issued
മെ​ഗാ ഭരതനാട്യം എ സനേഷ്/ എക്സ്പ്രസ്

കലൂരിലെ വിവാദ നൃത്ത പരിപാടി; ജിസിഡിഎ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനല്‍കരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
Published on

കൊച്ചി: കലൂരിലെ വിവാദ നൃത്ത പരിപാടിയില്‍ സ്റ്റേഡിയത്തിനുള്ളിലെ നിയമലംഘനം കണ്ടെത്താത്തതില്‍ ജിസിഡിഎ എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങി. സ്റ്റേഡിയത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ എസ്.എസ് ഉഷയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉഷയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജനുവരി 4ന് തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് വിവാദമായതോടെയാണ് നടപടി.

ഇതിനിടെ സ്റ്റേഡിയം നൃത്തപരിപാടിക്ക് വിട്ടുനല്‍കരുതെന്ന നിലപാടെടുത്ത മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ജിസിഡിഎ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മൃദംഗവിഷന്റെ അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ന്നതിന്റെ പേരിലാണ് നോട്ടീസ്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ തീരുമാനം വന്ന് 10 ദിവസം കഴിഞ്ഞിട്ടും കലൂര്‍ സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അസി.എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഉത്തരവിറങ്ങാത്തത്തില്‍ വിമര്‍ശനം ശക്തമായിരുന്നു.

എസ്റ്റേറ്റ് ഓഫീസര്‍ ശ്രീദേവി സിബി, സൂപ്രണ്ട് സിനി കെ.എ, സീനിയര്‍ ക്ലര്‍ക്ക് രാജേഷ് രാജപ്പന്‍ എന്നിവര്‍ക്കാണ് ജിസിഡിഎ സെക്രട്ടറി കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പരിപാടിയുടെ അലോട്ട്‌മെന്റ് ഫയലില്‍ നിന്നും രേഖകളുടെ കളര്‍ ഫോട്ടോകള്‍ ജനുവരി നാല് മുതല്‍ ദൃശ്യമാധ്യമങ്ങളില്‍ വരാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com