അനുശാന്തിയുടെ ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു; ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്ത്

ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി
anushanthi
അനുശാന്തി ഫയല്‍ ചിത്രം
Updated on

ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം നൽകികൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്ത്. ശിക്ഷ താൽകാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി രാവിലെ ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താൽകാലിമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാല്‍ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കിയിട്ടില്ല.

തിരുവനന്തപുരം വനിതാ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് അനുശാന്തി. മുന്‍പ് നേത്രരോഗത്തിന് ചികിത്സയ്ക്കായി പരോള്‍ ആവശ്യപ്പെട്ട് അവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് രണ്ട് മാസത്തെ പരോള്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തിരുന്നു. മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നും കോടതിയെ അറിയിച്ചിരുന്നു.

കാമുകനൊപ്പം ചേര്‍ന്ന്, മൂന്നര വയസ്സുള്ള മകളെയും ഭര്‍ത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അനുശാന്തി. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിനു സഹായവും ആസൂത്രണവും അനുശാന്തി ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2014 ഏപ്രില്‍ 16നു ഉച്ചയ്ക്കായിരുന്നു ക്രൂരകൃത്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com