ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഡിസി ബുക്‌സ് പബ്ലിക്കേഷന്‍സ് മുന്‍ മേധാവി അറസ്റ്റില്‍

കേസില്‍ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു
Autobiography controversy
ഇപി ജയരാജന്‍റെ ആത്മകഥയുടെ കവര്‍ഫയല്‍
Updated on

കോട്ടയം : ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡിസി ബുക്‌സ് പബ്ലിക്കേഷന്‍ വിഭാഗം മുന്‍ ഡയറക്ടര്‍ എ വി ശ്രീകുമാറിനെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ശ്രീകുമാര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

ആത്മകഥാഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീകുമാറിനെ രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

കേസില്‍ ഡിസി ബുക്‌സ് ഉടമ രവി ഡിസി അടക്കമുള്ളവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്‍ ശ്രീകുമാര്‍, രവി ഡിസി തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ആത്മകഥാ ഭാഗം ചോര്‍ന്നത് ഏത് സാഹചര്യത്തില്‍, ഇതിനു പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോ തുടങ്ങിയവ പൊലീസ് അന്വേഷിച്ചു വരികയാണ്.

ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലുള്ള ആത്മകഥാഭാഗങ്ങള്‍ പുറത്തുവന്നതാണ് വിവാദമായത്. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ആത്മകഥാഭാഗങ്ങള്‍ പുറത്തു വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ തുടങ്ങിയവരെ വിമര്‍ശിക്കുന്ന ഭാഗം വിവാദമായിരുന്നു. തുടര്‍ന്ന് ഇ പി ജയരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com