
തിരുവനന്തപുരം: ഹൈക്കോടതി അനുമതി നല്‍കിയതോടെ നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്ന്യസിച്ചിട്ടുണ്ട്. കല്ലറയ്ക്ക് ചുറ്റും ടാര്‍പ്പാളിന്‍ ഉപയോഗിച്ച് മറച്ചു.
10 മണിക്ക് മുന്‍പ് കല്ലറ തുറന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ തീരുമാനം. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. ആര്‍ഡിഒ, സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലറയിലേക്കുള്ള വഴി പൊലീസ് അടച്ചു.
കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍സ്വാമി മരിച്ചശേഷം അദ്ദേഹം സമാധിയായി എന്ന ഒരു പോസ്റ്റർ വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബം വീടിന് സമീപത്തെ മതിലിൽ പതിപ്പിച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിയുന്നത്. നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
മരണസര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി പരിശോധന സ്വാഭാവിക നടപടിക്രമമാണെന്ന് വ്യക്തമാക്കി. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് സമാധി സ്ഥലം പൊളിക്കാനുള്ള ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക