
തിരുവനന്തപുരം: മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകളുണ്ടാവുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി. സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുശേഷമാണ് മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം സ്വദേശി അഡ്വ. കെ ആർ ദിലീപ് സമർപ്പിച്ച പരാതിയിലാണ് ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നടപടി.
42,999 രൂപയ്‌ക്ക് വാങ്ങിയ ഫോണിന്റെ സ്‌ക്രീനിലാണ് അപ്‌ഡേഷനുശേഷം പിങ്ക്‌ലൈൻ പ്രത്യക്ഷപ്പെട്ടത്. അംഗീകൃത സർവീസ് സെന്ററിനെ സമീപിച്ചപ്പോൾ സ്‌ക്രീൻ സൗജന്യമായി മാറ്റിത്തരാമെന്നും ഓർഡർ ചെയ്‌തതായും അറിയിച്ചു. പിന്നീട് നിരന്തരം സമീപിച്ചപ്പോൾ 19,000 രൂപയ്‌ക്ക് തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ വരുന്നതുവരെ കാത്തിരിക്കാനോ ആവശ്യപ്പെട്ടു.
പിന്നീടും സ്‌ക്രീനിൽ പിങ്ക്‌ലൈൻ വന്നതോടെയാണ് കമീഷനെ സമീപിച്ചത്. നിർമാണത്തിലെ അപാകമാണെന്ന് കണ്ടെത്തിയ പി വി ജയരാജൻ അധ്യക്ഷനും വി ആർ വിജു, പ്രീതാ ജി നായർ എന്നിവർ അംഗങ്ങളുമായ കമീഷൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഫോണിന്റെ വിലയായ 42,999 രൂപ തിരികെ നൽകാനും കോടതി ചെലവ്, നഷ്ടപരിഹാരം എന്നിവയായി 12,500 രൂപ നൽകാനുമാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി ശ്രീവരാഹം എൻ ജി മഹേഷ്, ഷീബ ശിവദാസൻ എന്നിവർ ഹാജരായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക