രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍; കൈകളില്‍ എത്തുക 3200 രൂപ

26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
social security pension distribution.
രണ്ടുഗഡു ക്ഷേമപെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു.

കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്.ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തില്‍ താഴെമാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 6.8 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്.

കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാര്‍ധക്യ, വികലാംഗ, വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുമാത്രമാണ് നാമമാത്ര കേന്ദ്ര പെന്‍ഷന്‍ വിഹിതമുള്ളത്. ഇതും കുടിശികയാണ്. 2023 നവംബര്‍ മുതല്‍ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുന്‍കൂറായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ തിരികെ നല്‍കാതെ കുടിശികയാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com