
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് ഉള്‍പ്പെടെ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്.
നിലവിലുള്ള ഉത്തരവ് പ്രകാരം ക്ലാസ്സ് മുറിയിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വരാന്‍ അനുവാദമില്ല. അതുകൊണ്ട് തന്നെ അധ്യാപകര്‍ ചെയ്തത് നിലവിലുള്ള ഉത്തരവ് പാലിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. 'സാധാരണ രീതിയില്‍ കുട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്. ഏഴ് ലക്ഷത്തിലധികം കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളിലായി കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉണ്ട്. അതില്‍ അപൂര്‍വ്വമായാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ പൊതുപ്രവണതയായി ഈ ഘട്ടത്തില്‍ കാണേണ്ടതില്ല'.
'അഭികാമ്യം അല്ല എന്ന് ഇപ്പോഴത്തെ മുതിര്‍ന്നവര്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്താല്‍ അത്തരം കുട്ടികളെ ശിക്ഷിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല. അതാണ് ഓരോ സമൂഹത്തിന്റെയും പരിവര്‍ത്തനങ്ങളില്‍ നിന്ന് നാം പഠിക്കേണ്ടത്. കുട്ടികള്‍ പല കാരണങ്ങളാല്‍ പല തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. അത് വിദ്യാഭ്യാസ സ്ഥാപനമോ കുട്ടിയോ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയുന്ന കാര്യമല്ല. അത് സാമൂഹികമായി കൂടി പരിഹരിക്കേണ്ടതാണ്. കുട്ടികള്‍ ഈ പ്രായത്തില്‍ ആഗ്രഹിക്കുന്ന സ്വയം പ്രകാശനത്തിനുള്ള അവസരങ്ങള്‍ വീട്ടിലും സമൂഹത്തിലും വിദ്യാലയങ്ങളിലും കുറഞ്ഞു വരുന്നുണ്ടോ എന്നതും അന്വേഷിക്കേണ്ടതുണ്ട്'- മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥി മാപ്പ് പറഞ്ഞു
പാലക്കാട് മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചതിന് നേരെ അധ്യാപകനെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് പറഞ്ഞതായി സ്‌കൂള്‍ അധികൃതര്‍. സംഭവത്തില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ അധ്യാപകര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് അധ്യാപകരല്ലെന്ന് പ്രിന്‍സിപ്പല്‍ എം കെ അനില്‍ കുമാര്‍ പറഞ്ഞു.
ദൃശ്യം പകര്‍ത്തിയ അധ്യാപകര്‍ ഇത് രക്ഷിതാക്കള്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് അധ്യാപകരല്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തോട് അധ്യാപകര്‍ പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക