കഴക്കൂട്ടം മുതല്‍ കിഴക്കേ കോട്ട വരെ, രണ്ടു റൂട്ടുകള്‍; തിരുവനന്തപുരം മെട്രോ അലൈന്‍മെന്റ് ഈ മാസം
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ അലൈന്‍മെന്റിന്റെ അന്തിമരൂപരേഖയ്ക്ക് ഈ മാസം അവസാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. ഇക്കാര്യത്തില്‍, വ്യത്യസ്ത അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയതും ഉള്‍പ്പെടുന്നു. അത് പൂര്‍ണ്ണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായ അലൈന്‍മെന്റ് ഏതാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബെഹ്റ പറഞ്ഞു.
അലൈന്‍മെന്റ് തീരുമാനിച്ചുകഴിഞ്ഞാല്‍, പദ്ധതി കേന്ദ്ര സര്‍ക്കാരിന് അയയ്ക്കുന്നതിന് മുമ്പ് കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. എന്തെങ്കിലും മാറ്റം ഉണ്ടായാല്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.
ഒന്നിലധികം അലൈന്‍മെന്റ് ഓപ്ഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, എല്ലാം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കടന്നുപോകുന്നത്. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ ഒന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎന്‍ജി വഴി കടന്നുപോകുമ്പോള്‍, മറ്റൊന്ന് പട്ടം ജങ്ഷന്‍ വഴിയാണ് പോകുന്നത്.
കോഴിക്കോട് മെട്രോ
കോഴിക്കോട് മെട്രോയ്ക്കുള്ള പദ്ധതി രൂപരേഖ (ഡിപിആര്‍) സമര്‍പ്പിക്കാനും കെഎംആര്‍എല്‍ ഒരുങ്ങുകയാണ്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കല്‍ കെഎംആര്‍എല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സാധാരണ മെട്രോയിലേക്ക് മാറി ചിന്തിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് പീക്ക് അവര്‍ പീക്ക് ഡയറക്ഷന്‍ (പിഎച്ച്പിഡി) ട്രാഫിക് 15,000-ത്തില്‍ കൂടുതലാണ്. കോഴിക്കോട്, പിഎച്ച്പിഡി അല്പം കുറവാണ്, എന്നാല്‍ അവിടെയും പരമ്പരാഗത മെട്രോയാണ് നിര്‍ദേശിക്കുന്നത്. ഏകദേശം 18 കിലോമീറ്റര്‍ അലൈന്‍മെന്റ് വരും. കോഴിക്കോടിനായി സമഗ്ര മൊബിലിറ്റി പ്ലാനും മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കെ എംആര്‍എല്‍ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക