
സമരം നടത്തുമ്പോൾ ഇമേജ് നോക്കി പ്രവർത്തിക്കാൻ കഴിയില്ല, മേശപ്പുറത്തു കയറുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്ന് നിയമസഭ കയ്യാങ്കളി സംഭവത്തെ കുറിച്ച് മന്ത്രി വി ശിവൻകുട്ടി. പാർട്ടിയുടെ തീരുമാനം നടപ്പിലാക്കുക മാത്രമായിരുന്നു ലക്ഷ്യം. അവിടെ ഇമേജ് നോക്കിയില്ലെന്നും വി ശിവൻകുട്ടി ന്യൂഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറയുന്നു.
യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും വലിയ രീതിയിൽ പ്രക്ഷോപം നടത്തുന്ന സമയമായിരുന്നു അത്. എൽഡിഎഫ് മുന്നണി നൽകിയ ചുമതല നിർവഹിക്കുകയാണ് അന്ന് ചെയ്തത്. മേശപ്പുറത്ത് കയറി നിന്നുള്ള പ്രതിഷേധത്തിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. 'കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലായിരുന്നു പ്രതിഷേധം നടന്നത്. എന്നാൽ അദ്ദേഹം യുഡിഎഫ് എംഎൽഎമാർക്കൊപ്പം അകലെ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചു. ഏതാണ്ട് 150-ഓളം പൊലീസ് ഉദ്യോഗസ്ഥരും അവിടെ ഉണ്ടായിരുന്നു'.
'അദ്ദേഹത്തിന്റെ അടുത്തെത്താൻ അപ്പോൾ മറ്റ് മാർഗമില്ലായിരുന്നു, നേരെ മേശപ്പുറത്തേക്ക് കയറി നടന്നു. ചെന്നപ്പോഴേക്കും മാണി സാർ ബജറ്റ് വായിച്ചു കഴിഞ്ഞു. തിരിച്ചു അങ്ങനെ തന്നെ നടന്നു വന്നു. കുഞ്ഞാലിക്കുട്ടിയും മറ്റുള്ളവരും താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. താഴെയിറങ്ങിയപ്പോഴെക്കും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്നു കുറഞ്ഞു. അപ്പോൾ ചെറിയ ബോധക്ഷയം പോലെ തോന്നി. അതാണ് അവിടെ തന്നെ കിടന്നത്. പിന്നീട് അതൊരു ട്രോൾ ആയി മാറി'.- ശിവന്‍കുട്ടി പറഞ്ഞു.
'എന്നാൽ ഇത് ഒരിക്കലും തെരഞ്ഞെടുപ്പുകളിൽ ബാധിച്ചിട്ടില്ല. ഈ സംഭവത്തിന് ശേഷം വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തുവല്ലോ.. - അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയായപ്പോഴും തനിക്ക് നേരെ ആക്ഷേപങ്ങള്‍ ഉണ്ടായി. അറിവും വിദ്യാഭ്യാസവുമില്ലെന്ന് പരിഹസിച്ചു. താന്‍ ഒരു പണ്ഡിതനല്ലെങ്കിലും ചുറ്റു നടത്തുന്ന കാര്യങ്ങളെ കുറിച്ച് ബോധവനാണെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക