

ഓൾ പ്രമോഷൻ വന്നതിന് ശേഷം അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഉത്തരവാദിത്വമില്ലാതായെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഇതു തകർക്കുമെന്നും മന്ത്രി ദി ന്യൂഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗ്സിൽ പറഞ്ഞു. ബിഹാർ, യുപി പോലുള്ള സംസ്ഥാനങ്ങളിൽ വിദ്യാർഥികളുടെ കൊഴിഞ്ഞു പോക്കു തടയുന്നതിന് വേണ്ടി കേന്ദ്ര സർക്കാരാണ് ഓൾ പ്രമോഷൻ എന്ന സംവിധാനം കൊണ്ടു വന്നത്.
കേരളത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന 95 ശതമാനം വിദ്യാർഥികളും 10-ാം ക്ലാസ് വരെ പഠിക്കുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും ഇവിടെ ഓൾ പ്രമോഷൻ പ്രാബല്യത്തിൽ കൊണ്ടു വന്നു. അതോടെ അധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മടിയന്മാരായി. മുൻപ് ഏതെങ്കിലുമൊരു ക്ലാസിൽ വിദ്യാർഥികൾ തോറ്റാൽ അധ്യാപകനാണ് ചീത്ത പേര്. അത് ഭയന്ന് അവർ നന്നായി കുട്ടികളെ പഠിപ്പിക്കുമായിരുന്നു. ഇന്ന് ആ രീതി മാറി- വി ശിവന്‍കുട്ടി പറഞ്ഞു.
ഡിഇഒമാരുടെ പരിശോധനകളും കുറഞ്ഞു. സബ്ജക്ട് മിനിമം സംവിധാനം കൊണ്ടു വന്ന ശേഷം കുട്ടികളുടെ മറ്റു കഴിവുകൾ വിലയിരുത്തി 20 മാര്‍ക്ക് അധ്യാപകര്‍ നേരിട്ടു നല്‍കാം. പാസാകാന്‍ ശേഷിച്ച പത്ത് മാര്‍ക്ക് മാത്രം കുട്ടികള്‍ക്ക് പരീക്ഷയെഴുതി എടുത്താല്‍ മതി. ഈ രീതി ഒഴിവാക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയും പിന്തുണയ്ക്കുന്നുണ്ട്. ഈ വർഷം പത്താം ക്ലാസ് ഒഴികെ എട്ടാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ ഈ രീതി ഒഴിവാക്കും. കുട്ടികൾ തോൽക്കാൻ അനുവദിക്കില്ല. അത്തരം കുട്ടികൾക്ക് പ്രത്യേക ട്യൂഷൻ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ മൊബൈൽ നമ്പർ ഇപ്പോൾ കുട്ടികൾക്കെല്ലാം അറിയാം. ദിവസവും കുട്ടികൾ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്യാറുണ്ട്. ചോദ്യ പേപ്പർ മുതൽ അധ്യാപകർക്കെതിരെ വരെ പരാതികൾ പറയാറുണ്ട്. ഒരിക്കൽ ഒരു വിദ്യാർഥി പരാതി നൽകിയത് അവന്റെ ഹിന്ദി അധ്യാപകനെ കുറിച്ചായിരുന്നു. അദ്ദേഹം ക്ലാസിൽ വന്നാൽ ഡിക്റ്റേഷൻ ഇടും, ശരിയായ രീതിയിൽ പഠിപ്പിക്കില്ല, ക്ലാസിൽ കാലിന്മേല്‍ കാലുകയറ്റിവെച്ചിരിക്കുമെന്നൊക്കെയാണ്. കുട്ടികൾ അത്തരം രീതികൾ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നാണ് അതിനർഥം'.
'കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയരാൻ അധ്യാപകർ സഹകരിച്ചേ മതിയാകൂ. അതിന്റെ ഭാഗമായി അധ്യാപകർക്ക് ഇപ്പോൾ ഇന്‍റന്‍സീവ് ട്രെയിനിങ് നൽകുന്നുണ്ട്. മുൻപ് ഒരു ദിവസം നടത്തിയിരുന്ന ട്രെയിനിങ് ഒരാഴ്ചയാണ് ഇപ്പോൾ അധ്യാപകർക്ക് പരിശീലനം നൽകുന്നത്'- ശിവന്‍കുട്ടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates