
പാലക്കാട്: നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് പ്രതി ചെന്താമരയെ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചു എന്ന ആക്ഷേപങ്ങള്‍ക്ക് ഇടയില്‍ കോടതി വിധിയും ചര്‍ച്ചയാകുന്നു. കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ അജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയില്‍ കോടതി നല്‍കിയ ഇളവാണ് ചര്‍ച്ചയാകുന്നത്. ഇളവ് അനുവദിച്ചാല്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും സാക്ഷികളുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ വഴി നെന്മാറ എസ്എച്ച്ഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ പൊലീസ് റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ചെന്താമരയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് ചെന്താമരയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
2019ലാണ് സുധാകരന്റെ ഭാര്യ അജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ജയിലില്‍ ആയിരുന്ന ചെന്താമര എന്ന 58കാരന് കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് 2022 മെയ് മാസത്തിലാണ് ജാമ്യം അനുവദിച്ചത്. നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷന്‍ പരിധിയിലാണ്. കൂടാതെ മുഖ്യസാക്ഷികള്‍ താമസിക്കുന്നത് ഇവിടെയാണ്. സാക്ഷികളുടെ ജീവന് ഭീഷണിയില്ലാതിരിക്കുന്നതിന് വേണ്ടി കൂടിയാണ് നെന്മാറ സ്റ്റേഷന്‍ പരിധിയില്‍ കയറാന്‍ പാടില്ല എന്ന് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ താന്‍ ഡ്രൈവര്‍ ആണെന്നും തനിക്ക് ഈ പ്രദേശത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കാട്ടി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പ്രതി പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍ കൊലപാതകം നടന്നത് നെന്മാറ സ്റ്റേഷന്‍ പരിധിയിലാണെന്നും ക്രമസമാധാന പ്രശ്‌നം ഉണ്ടാകാമെന്നും മുഖ്യസാക്ഷികള്‍ താമസിക്കുന്നത് ഇവിടെയായതിനാല്‍ അവരുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും കാട്ടി പ്രോസിക്യൂഷന്‍ വഴി ഇളവ് അനുവദിക്കരുത് എന്ന് നെന്മാറ എസ്എച്ച്ഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളി കോടതി പ്രതിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിന് മുന്‍പ് പ്രതി പലതവണ നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പലതവണ പൊലീസ് പ്രതിയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി മൂലം ഇവിടെ താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് എന്ന് കാട്ടി ഡിസംബര്‍ 29ന് സുധാകരനും മകളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും പ്രതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിടുകയായിരുന്നു. തന്റെ ഭാര്യയും കുഞ്ഞും ഇവിടെ നിന്ന് വിട്ടുപിരിഞ്ഞ് പോകാന്‍ കാരണം ഇവിടെയുള്ളവരാണ് എന്ന കാരണം പറഞ്ഞാണ് പ്രതി നാട്ടില്‍ പരിഭ്രാന്തി സൃഷ്ടിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
29ന് സുധാകരനും മകളും സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പ്രതിയെ താക്കീത് ചെയ്ത് വിട്ടെന്ന് ആലത്തൂര്‍ ഡിവൈഎസ്പി സ്ഥിരീകരിച്ചു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പിന്മേലാണ് അന്ന് വിട്ടയച്ചത്. പിന്നീട് തിരുപ്പൂരില്‍ പോയ പ്രതി കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തി വടക്കഞ്ചേരിയില്‍ ബന്ധുക്കളോടൊപ്പം താമസിച്ചു. പിന്നീടാണ് നെന്മാറയില്‍ എത്തി പരിഭ്രാന്തി സൃഷ്ടിച്ചതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു.
പ്രതി ഇന്നും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചെന്താമരക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായി നാട്ടുകാരിലൊരാള്‍ പറഞ്ഞു. ചെന്താമര ഒരു സൈക്കോയാണെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇത്തരത്തിലൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. കൊല്ലപ്പെട്ട സുധാകരന്റെ മൃതദേഹം സംഭവ സ്ഥലത്ത് എടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിയെ പിടികൂടാതെ മൃതദേഹം എടുക്കേണ്ടെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. ചെന്താമര ജാമ്യത്തിലിറങ്ങിയ സമയം മുതല്‍ നാട്ടുകാര്‍ ഭീതിയിലായിരുന്നു.
ഇയാളുടെ ഭാര്യയും മകളും മറ്റൊരു ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സജിതയും കുടുംബവുമാണ് എന്ന ധാരണയിലാണ് ചെന്താമര സജിതയെ വെട്ടിക്കൊലപ്പടുത്തുന്നത്. എപ്പോഴും ഇയാളുടെ കയ്യില്‍ കത്തി കാണുമായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേ സമയം ചെന്താമരക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കൃത്യമായി ഇടപെട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.അതിനിടെ ഇരട്ടക്കൊലപാതത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാല് ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക