

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.
സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത് 2027 ലാണ്. ഇത് 15 ലക്ഷം ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ്. അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിരിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ അണക്കെട്ട് പണിതശേഷം എത്ര മഴക്കാലമാണ് കടന്നുപോയതെന്ന് കോടതി ചോദിച്ചു.
അണക്കെട്ട് തകരുമെന്ന ഭീതി നിലനിന്ന രണ്ടു മഴക്കാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശങ്കയുടെ പ്രശ്‌നമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ ആയുസ്സിന്റെ 2.5 മടങ്ങ് അതിജീവിച്ചുവെന്ന് ജസ്റ്റിസ് റോയ് അഭിപ്രായപ്പെട്ടു.
അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിടുന്നതായും കോടതി അറിയിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ് വി എൻ ഭട്ടി കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates