

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യ രാജ്യാന്തര കോൺക്ലേവിന് ഇന്ന് തുടക്കമാകും. ഹയാത്ത് റീജൻസി ഹോട്ടലിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. മുന്നൂറ് പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും. ലോകത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ മെർസ്ക്, എംഎസ്‌സി തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.
ഉദ്ഘാടനസമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാകും. തുറമുഖ മന്ത്രി വി എൻ വാസവൻ, ശശി തരൂർ എംപി, അദാനി പോർട്ട് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ പ്രണവ് ചൗധരി എന്നിവർ സംസാരിക്കും. രണ്ടു ദിവസമായി ഏഴു വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുക.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് , തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി പോർട്‌സ് സെസ് സിഇഒ പ്രണവ് ചൗധരി, ജനീവ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി പ്രതിനിധി മൈക്കൽ അവേസ, ഗട്ടാനോ എസ്പോസിറ്റോ, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രല്‍ മാനേജ്‌മെന്റ് സ്റ്റഡീസ് സിഇഒ എസ് എസ് ശ്രീജിത്ത്, സതേൺ എയർ കമാൻഡ് ലോജിസ്റ്റിക് മാനേജ്‌മെന്റ് ഓഫീസർ സുനിൽ രാജ്, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള എന്നിവർ വിവിധ പ്രസന്റേഷനുകൾ നടത്തും.
തുറമുഖം പൂർണമായും പ്രവർത്തനസജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക ഭൂപടത്തിൽ ഇടംനേടാൻ സഹായകമാകുന്ന കോൺക്ലേവിൽ 20 നിക്ഷേപകരെങ്കിലും ധാരണാപത്രത്തിൽ ഒപ്പിടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തുറമുഖാനുബന്ധ വ്യവസായങ്ങൾക്കൊപ്പം മറ്റു മേഖലകളിലേക്കുള്ള നിക്ഷേപം സമാഹരിക്കാനും കോൺക്ലവിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates