
മലപ്പുറം: സ്ത്രീ-പുരുഷ തുല്യതയെന്നത് മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജെന്‍ഡര്‍ ഈക്വാലിറ്റി സാധ്യമല്ലെന്നും ജന്‍ഡര്‍ ജസ്റ്റിസ് എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്?. എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തില്‍ നിന്ന് മാറാന്‍ ലീഗ് തയ്യാറാല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പിഎംഎ സലാമിന്റെ പരാമര്‍ശം.
'സ്ത്രീയും പുരുഷരും തുല്യരാണെന്ന് പറയാന്‍ പറ്റുമോ?. അത് ലോകം അംഗീകരിച്ചിട്ടുണ്ടോ?. എന്തിനാ ഒളിംപിക്‌സില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ മത്സരങ്ങള്‍ വച്ചത്. രണ്ടും വ്യത്യസ്തമായതുകൊണ്ടാണ്. രണ്ടും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്' പിഎംഎ സലാം പറഞ്ഞു.
'സ്ത്രീകള്‍ക്ക് ബസ്സുകളില്‍ വേറെ സീറ്റ് എഴുതി വെക്കുന്നുണ്ടല്ലോ?, എന്തിനാണത്?. മൂത്രപ്പുര സ്ത്രീകള്‍ക്ക് വേറേയല്ലേ?. എന്തിനാ വേറെ വയ്ക്കുന്നത്. തുല്യരാണ് എന്നു പറയുന്നവര്‍ തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തില്‍ കയ്യടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്?. അതിലൊക്കെ മുസ്ലീംലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. ഞങ്ങള്‍ തുല്യതയല്ല പറയുന്നത്. ജെന്‍ഡര്‍ ഈക്വലാറ്റിയല്ല വേണ്ടത് ജെന്‍ഡര്‍ ജസ്റ്റിസ് ആണ്. സ്ത്രീക്കും പുരുഷനും നീതിയില്‍ ഭിന്നതയുണ്ടാവാന്‍ പാടില്ല. നിങ്ങളൊക്കെ എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തില്‍ നിന്ന് മാറാന്‍ ലീഗ് തയ്യാറാല്ല' സലാം പറഞ്ഞു.
കാലാനുസൃതമായ മാറ്റം ലീഗിലും ഉണ്ടാവേണ്ടതല്ലെയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; 'നിങ്ങള്‍ നിങ്ങളുടെ വീട്ടില്‍ തുല്യത പരിഗണിക്കുന്നുണ്ടോ, നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ പരിഗണിക്കുന്നുണ്ടോ?. നിങ്ങള്‍ യാത്ര ചെയ്യുന്ന ബസ്സില്‍ പരിഗണിക്കുന്നുണ്ടോ. നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ വെവ്വേറെ ബഞ്ചുകള്‍ ഇല്ലേ, ബാത്ത് റൂം ഇല്ലേ? നിങ്ങളുടെ വീടുകളില്‍ ആദ്യം ഉണ്ടാക്കി കൊണ്ടുവാ' സലാം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക