ഒരുമിച്ച് കഴിയാൻ സഹ തടവുകാർക്ക് മടി; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റം
chenthamara
ചെന്താമര പൊലീസ് സ്റ്റേഷനിൽ ടിവി ദൃശ്യം
Updated on

പാലക്കാട്: നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റം.

ഇന്ന് എട്ട് മണിയോടെ അതീവ സുരക്ഷയിലാണ് ജയിൽ മാറ്റിയത്. കൂടെ കഴിയാൻ സഹ തടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയിൽ അധികൃതർ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റാൻ അപേക്ഷ നൽകിയത്. അപേക്ഷ ആലത്തൂർ കോടതി അം​ഗീകരിച്ചു.

പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പൊലീസിൻറെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയതിൻറെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാൾ വാങ്ങിയിരുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തി. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നുമാണ് ചെന്താമര കോടതിയിൽ പറഞ്ഞത്. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ പ്രതികരണം. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com