തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ ബോർഡ് സ്വന്തം നിലയ്ക്ക് ഈടാക്കുന്ന ഇന്ധന സർചാർജാണിത്.
അതേസമയം, അടുത്ത മാസത്തെ ബില്ലിൽ യൂണിറ്റിനു 9 പൈസ കുറയും. ജനുവരി വരെ സർചാർജ് ഇനത്തിൽ 19 പൈസയാണ് പിരിച്ചത്. 10 പൈസ ബോർഡ് പിരിക്കുന്നതും 9 പൈസ റഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചതുമാണ്. 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ തുക ഈടാക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസ സർചാർജ് ഈ മാസം അവസനിക്കുന്നതിനാലാണ് ബില്ലിൽ 9 പൈസ കുറയുന്നത്.
2024 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ വൈദ്യുതി വാങ്ങൽ ചെലവ് റഗലുേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ കൂടിയ തുക ആയോ എന്നു പരിശോധിക്കും. കൂടുതൽ ആയിട്ടുണ്ടെങ്കിൽ അത് ഈടാക്കാൻ സർചാർജ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും അപേക്ഷ നൽകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക