
മലപ്പുറം: നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ മറുപടിയുമായി പി വി അന്‍വര്‍ (PV Anvar) . ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പി വി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്. സമുദായങ്ങളെ ''യൂസ് ആന്‍ഡ് ത്രോ''രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ് എന്നും പി വി അന്‍വർ പറയുന്നു.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ഏറ്റവും വലിയ വഞ്ചനയുടെ ഫലമാണെന്ന പരാമര്‍ശത്തിനാണ് പി വി അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. പി വി അന്‍വറിനെ പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ണാണിത്. വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചവരുടെ മണ്ണും കൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. നല്ല വിജയപ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
അതിനിടെ, പി വി അന്‍വര്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ടിഎംസി ദേശീയ നേതൃത്വമാണ് അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ പാളിയതോടെയാണ് അന്‍വര്‍ മത്സര രംഗത്ത് എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ