

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പുതിയ അധ്യയനവര്‍ഷം നാളെ തുടങ്ങുന്നു. school opening ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂള്‍ അക്കാദമി കലണ്ടര്‍ സംബന്ധിച്ച ഉത്തരവില്‍ മന്ത്രി വി ശിവന്‍കുട്ടി ഒപ്പുവച്ചു.
1100 മണിക്കൂര്‍ പഠനസമയം ഉറപ്പാക്കാന്‍ ആറ് ശനിയാഴ്ചകള്‍ സ്‌കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടര്‍ച്ചയായി ആറ് പ്രവൃത്തി വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ലാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യുപി ക്ലാസുകളില്‍ ആയിരം മണിക്കൂര്‍ അധ്യയനം ഉറപ്പാക്കാന്‍ രണ്ട് ശനിയാഴ്ച ക്ലാസും ഏര്‍പ്പെടുത്തും.
ഹയര്‍സെക്കന്‍ഡറിക്ക് നിലവില്‍ രാവിലെ ഒന്‍പത് മുതല്‍ 4.45വരെയാണ് ക്ലാസ്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വെള്ളിയാഴ്ചയൊഴികെ അധ്യയനസമയം ഓരോ ദിവസവും അരമണിക്കൂര്‍ വീതം വര്‍ധിപ്പിക്കാമെന്ന് വിദ്യാഭ്യാസകലണ്ടര്‍ നിയോഗിച്ച അഞ്ചംഗസമിതി ശുപാര്‍ശ ചെയ്തിരുന്നു. 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനുള്ള നീക്കത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം തിങ്കളാഴ്ച ആലപ്പുഴ കലവൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേര്‍ക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രവേശനോത്സവ പരിപാടികള്‍ തല്‍സമയം എല്ലാ സ്‌കൂളുകളിലും സംപ്രേഷണം ചെയ്യും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, റീലുകള്‍ എന്നിവ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. കനത്ത മഴ പാഠപുസ്തക വിതരണത്തില്‍ കാലതാമസം വരുത്തിയെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates