
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, അതിശക്തമായ ചൂട്, കനത്ത മഴ എന്നിവയ്ക്ക് ശേഷം അതിശക്തമായ കാറ്റ് (Strong wind), സംസ്ഥാനത്തെ ഒരു വലിയ ദുരന്തമായി മാറുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തോടെ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് എന്നിവയുൾപ്പെടെയുള്ള അടിയന്തര സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മരങ്ങളും വൈദ്യുതി ലൈനുകളും വീണ് പല പ്രദേശങ്ങളിലും ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചു.
മഴയും കാറ്റും മൂലമുണ്ടായ നാശനഷ്ടങ്ങൾ മൂലം സംസ്ഥാനത്തുടനീളം കെഎസ്‌ഇബിക്ക് 126 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. വകുപ്പിന് കനത്ത നഷ്ടം സംഭവിച്ചുവെന്നും മഴക്കാലത്തിന് മുന്നോടിയായി ശാഖകൾ മുറിച്ചുമാറ്റുന്നതിൽ പൊതുജനങ്ങളുടെ നിസ്സഹകരണം മൂലമാണ് ഭൂരിഭാഗം സംഭവങ്ങളും ഉണ്ടായതെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
"ഭാവിയിൽ സമാനമായ ദുരന്തങ്ങൾ ഒഴിവാക്കാൻ സ്വകാര്യ ഭൂമിയിലെ ദുർബലമായ മരങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടർമാർക്ക് പ്രത്യേക അധികാരം നൽകാൻ ഞങ്ങൾ ചീഫ് സെക്രട്ടറിയോട് ശുപാർശ ചെയ്തിട്ടുണ്ട്. സ്വകാര്യ സ്ഥലങ്ങളിലെ മരങ്ങളോ മരക്കൊമ്പുകളോ മൂലമാണ് മിക്ക സംഭവങ്ങളും സംഭവിച്ചത്. പലപ്പോഴും ആളുകൾ കോടതിയിൽ പോയി മരങ്ങൾ മുറിക്കുന്നത് തടയാൻ സ്റ്റേ ഉത്തരവ് നേടാറുണ്ട്. സംസ്ഥാനത്തുടനീളം കോടതികളിൽ ഇത്തരം നിരവധി കേസുകൾ നിലവിലുണ്ട്," അദ്ദേഹം പറഞ്ഞു. മികച്ച മാനേജ്മെന്റിനായി വകുപ്പ് ഈ വിഷയം കൂടുതൽ വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 24 നും 30 നും സംസ്ഥാനത്തൊട്ടാകെ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് 2500 ലധികം ഫോൺ കോളുകൾ ലഭിച്ചതായി അഗ്നിശമന വകുപ്പ് വ്യക്തമാക്കി. മഴക്കാലത്ത് നാശനഷ്ടങ്ങൾ വ്യാപകമാണെങ്കിലും സംസ്ഥാനത്തുടനീളം ഇത്രയധികം സംഭവങ്ങൾ ചെറിയ കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതാദ്യമാണെന്നും ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ (ടെക്‌നിക്കൽ) എം നൗഷാദ് പറഞ്ഞു.
" മരം ശരിയായി കൈകാര്യം ചെയ്താൽ ഈ പ്രശ്നങ്ങൾ എളുപ്പത്തിൽ ലഘൂകരിക്കാൻ കഴിയും. മരങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരിനു കീഴിൽ പ്രത്യേക ഏജൻസി ഇല്ല, ഉത്തരവാദിത്തം അതത് സർക്കാർ വകുപ്പുകളുടെ കീഴിലാണ്. കൂടാതെ ഹോർഡിംഗുകൾ സ്ഥാപിക്കുമ്പോൾ ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. ഇതിന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെ പോലും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണം," നൗഷാദ് പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (LSGI) സമഗ്രമായ വൃക്ഷ പരിപാലന നയത്തിന്റെ അഭാവം, മരങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ പരിഹരിക്കുന്നതിന് ദുരന്ത നിവാരണ നിയമം നടപ്പിലാക്കുന്നതിലെ നിസ്സംഗത, ബഹുനില കെട്ടിടങ്ങളിലും റോഡരികുകളിലും അനിയന്ത്രിതവും ക്രമരഹിതവുമായ ഹോർഡിംഗുകൾ എന്നിവ പ്രതിസന്ധി കൂടുതൽ വഷളാക്കി.
മരങ്ങൾ സംരക്ഷിക്കുന്നതിനും അനുബന്ധ ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനും മണ്ണ് സംരക്ഷണത്തിന് സർക്കാർ മുൻഗണന നൽകണമെന്ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ മുൻ മേധാവി കെ ജി താര പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മരങ്ങൾ ചില്ലകളും മറ്റും വെട്ടിഒതുക്കുന്നത് സംസ്ഥാനത്ത് നടക്കുന്നില്ലെന്ന് അവർ പറഞ്ഞു.
"മരങ്ങൾ സംരക്ഷിക്കപ്പെടാത്തതിനാൽ അവ കടപുഴകി വീഴുന്നു. മുകളിലെ മണ്ണൊലിപ്പ് കാരണം മരങ്ങൾ ദുർബലമാവുകയും കനത്ത മഴയെയും കാറ്റിനെയും നേരിടാൻ കഴിയാതെ വരികയും ചെയ്യുന്നു. മരങ്ങൾ മുറിക്കുന്നത് ഒരു പരിഹാരമല്ല, മരങ്ങൾ പല ദുരന്തങ്ങളെയും ലഘൂകരിക്കാൻ സഹായിക്കുമെന്ന് മറക്കരുത്. മണ്ണ് സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ദുരന്ത പ്രതികരണത്തിന് പകരം ഇത്തരം ദുരന്തങ്ങൾ ലഘൂകരിക്കുന്നതിന് നാം ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്," ഡോ. താര പറഞ്ഞു.
സർഫസ് വിൻഡിന്റെ ശരാശരി വേഗതയെ അപേക്ഷിച്ച് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായിരുന്നുവെന്ന് ഐഎംഡി ഡയറക്ടർ നീതാ കെ ഗോപാൽ പറഞ്ഞു. "ഞങ്ങളുടെ ആദ്യത്തെ നിരീക്ഷണ കേന്ദ്രമായ അമിനി ദ്വീപിൽ കഴിഞ്ഞ ദിവസങ്ങളിൽ 80 മുതൽ 90 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ ഇത് വീണ്ടും സംഭവിക്കില്ലെന്ന് പറയാനാവില്ല, മൺസൂണിനെ നയിക്കുന്ന എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിൽ ഇത് വീണ്ടും സംഭവിക്കാം. കഴിഞ്ഞ ജൂലൈയിലും സമാനമായ ശക്തമായ കാറ്റ് അനുഭവപ്പെട്ടു, പക്ഷേ ഈ വർഷത്തെ അപേക്ഷിച്ച് മഴ കുറവായിരുന്നു," നീത കെ ഗോപാൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ