കേരളാ കോണ്‍ഗ്രസില്‍ പയറ്റിത്തെളിഞ്ഞ നേതാവ്, ആരാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി?

ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടി ചിഹ്നമായ താമരയില്‍ തന്നെയാവും മോഹന്‍ ജോര്‍ജ്ജ് നിലമ്പൂരില്‍ മല്‍സരിക്കുക
BJP fields Mohan George for Nilambur by election
Mohan George - അഡ്വ. മോഹന്‍ ജോര്‍ജ്ജ്social Media
Updated on
1 min read

തിരുവനന്തപുരം: മലയോര രാഷ്ട്രീയത്തില്‍ പ്രബലരായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു നിലമ്പൂരില്‍ ബിജെപിക്ക് അങ്കതട്ടില്‍ ഇറങ്ങുന്ന അഡ്വ. മോഹന്‍ ജോര്‍ജ്ജ് (Mohan George ) . നിലമ്പൂരില്‍ സ്വാധീനമുള്ള ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ചേരുന്നതിന് മുമ്പ് കേരളാ കോണ്‍ഗ്രസ് ബിയുടെ ജില്ലാ സെക്രട്ടറി ആയിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച് പാര്‍ട്ടി ചിഹ്നമായ താമരയില്‍ തന്നെയാവും മോഹന്‍ ജോര്‍ജ്ജ് നിലമ്പൂരില്‍ മല്‍സരിക്കുക. ചുങ്കത്തറ സ്വദേശിയായ മോഹന്‍, നിലമ്പൂര്‍, മഞ്ചേരി കോടതികളില്‍ അഭിഭാഷന്‍ ആയി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 47 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉറച്ച് നില്‍ക്കുന്ന മോഹന്‍ ജോര്‍ജ്ജ് മാര്‍തോമ സഭാ അംഗമാണ്. മാര്‍ത്തോമ സഭാ കൗണ്‍സില്‍ അംഗം കൂടിയായ ഇദ്ദേഹം കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളായ കെഎസ്എസി, കെവൈഎഫ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ചുങ്കത്തറ മാര്‍ത്തോമ പള്ളി വൈസ് പ്രസിഡന്റ് ആണ്.

യുഡിഎഫും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും ബിജെപി നിലമ്പൂരില്‍ മല്‍സരത്തിനിറങ്ങുന്നതുമായി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നത് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഘടകക്ഷിയായ ബിഡിജെഎസിന് സീറ്റ് നല്‍കാനും ഒരു ഘട്ടത്തില്‍ ആലോചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് മല്‍സര രംഗത്ത് ഉറച്ച് നില്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ബീനാ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു. ക്രൈസ്തവ സഭയുടെ പിന്തുണയുള്ള ബീന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്നതിന്റെ സാധ്യതകള്‍ മധ്യസ്ഥര്‍ വഴി സഭാ നേതൃത്വവും ബിജെപി നേതൃത്വവും പരിശോധിച്ചിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചക്കായി ബി ജെ പി പ്രസിഡന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിനെ ചുമതലപെടുകയും ചെയ്തു.

എന്നാല്‍ അതീവ രഹസ്യമായി നടത്തേണ്ടിയിരുന്ന കൂടികാഴ്ചയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതില്‍ രമേശ് പരാജയപെട്ടതോടെ ആ ശ്രമം പാളി. പ്രഗല്‍ഭയായ അഭിഭാഷകയായ ബീന ബിജെപിയില്‍ എത്തിയാല്‍ ഭാവിയില്‍ അവര്‍ക്ക് ലഭിക്കാവുന്ന ചില സ്ഥാനമാനങ്ങൾ, മറ്റ് ചിലർക്ക് വെല്ലുവിളിയാവുമെന്ന് കണ്ട് ചില കേന്ദ്രങ്ങള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com