തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് ( ration cards ) ഉടമകളിൽ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരിൽ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതൽ ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
അർഹത ഇവർക്ക്
പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങൾ, തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർ, ആശ്രയ പദ്ധതി അംഗങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസമുള്ളവർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർ, എൻഡോസൾഫാൻ ബാധിതർ, വൃക്കയോ ഹൃദയമോ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവർ, പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർ എന്നിങ്ങനെയാണെങ്കിൽ. നിർധന– നിരാലംബ സ്ത്രീയോ വിധവയോ (21 തികഞ്ഞ പുരുഷന്മാരില്ലാത്ത ഇടങ്ങളിൽ) അവിവാഹിത അമ്മയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീയോ ഗൃഹനാഥയായ കുടുംബങ്ങൾ.
അർഹതയുള്ളവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates