

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി (Hema Committee) റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി.
35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശേഷിക്കുന്ന 14 കേസുകൾ കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതോടെ എല്ലാ കേസുകളും അവസാനിക്കും.
കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കു ശേഷമാണ് അതിലെ വിവരങ്ങൾ പുറത്തു വന്നത്. പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി പലരും രംഗത്തു വന്നു. ചില മൊഴികൾ ഞെട്ടിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തു.
പരാതികൾ കൂടിയതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കോടതി നിർദ്ദേശമനുസരിച്ച് മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ പേരിലുള്ളതടക്കം 30 കേസുകളിൽ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകൾ തുടരും.
മുൻപ് മൊഴി നൽകിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നു അറിയിച്ചു. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിക്കു റിപ്പോർട്ട് നൽകി. ബാക്കി കേസുകളിലും പരാതിക്കാർ സമാന മറുപടി നൽകിയ സാഹചര്യത്തിലാണ് തുടർ നടപടികൾ പൂർത്തിയാക്കി 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates