

മലപ്പുറം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്നും മാപ്പുപറയില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. (kc venugopal) തെരഞ്ഞെടുപ്പുകാലത്താണ് സര്‍ക്കാര്‍ പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നത്. പെന്‍ഷന്‍ കൊടുക്കുന്നുണ്ടെങ്കിലും കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷേമനിധി ബോര്‍ഡുകള്‍ എത്ര കോടി കൊടുക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാവപ്പെട്ടവരുടെ പെന്‍ഷന്‍ കൃത്യമായി യഥാസമയം നല്‍കുമെന്നായിരുന്നു വാഗ്ദാനമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 7 മാസത്തെ കുടിശ്ശികയുള്ളപ്പോള്‍ രണ്ടുമാസത്തെ കുടിശ്ശിക മാത്രമാണ് നല്‍കിയത്. ഈ തെരഞ്ഞടുപ്പുകാലത്ത് കൊടുക്കാനുള്ള കുടിശ്ശികയില്‍ ഒരുമാസത്തേത് മാത്രമാണ് നല്‍കുന്നത്. കുടിശ്ശിക കൊടുക്കാനുള്ള അവസരമായി ഇവര്‍ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കുകയാണ്. തന്റെ പ്രസംഗത്തില്‍ പെന്‍ഷനെ കുറിച്ച് പറഞ്ഞതില്‍ ഒരുഭാഗമെടുത്ത് വളച്ചൊടിക്കുകയാണ്. ഇതൊന്നും ജനം വിശ്വസിക്കില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
പാവപ്പെട്ടവരുടെ ക്ഷേമനിധി ബോര്‍ഡുകളില്‍ എത്ര കോടികള്‍ കുടിശ്ശിക നല്‍കാനുണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയണം. കര്‍ഷകര്‍ നെല്ല് വിറ്റാല്‍ അതിന്റെ പണം യഥാസമയം കൊടുക്കാന്‍ കഴിയുന്നുണ്ടോ? വന്യമൃഗങ്ങള്‍ കൊന്നവര്‍ക്ക് നഷ്ടപരിഹാരം മുഴുവനുമായി നല്‍കാന്‍ കഴിയുന്നുണ്ടോ. പണം വൈകിക്കുന്നതിനായി ആവശ്യമില്ലാത്ത ഒരുപാട് ഫോര്‍മാലിറ്റി ഉണ്ടാക്കിയില്ലേ?. എന്നാല്‍ സര്‍ക്കാരിന്റെ പിആര്‍ വര്‍ക്കിന് ഇഷ്ടം പോലെ സമയം ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ചതിന്റെ ജാള്യതയാണ് തനിക്കെതിരെ രംഗത്തുവരാന്‍ പ്രേരിപ്പിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, കെസി വേണുഗോപാല്‍ ക്ഷേമപെന്‍ഷനെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കെസി വേണുഗോപാല്‍ നടത്തിയതെന്നും അദ്ദേഹം മാപ്പ് പറയണമെന്നുമാണ് ഇടതുമുന്നണിയുടെ ആവശ്യം. പെന്‍ഷന്‍ വാങ്ങുന്നവരെ അപമാനിച്ച കെസി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ ടൗണില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി ആണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണ്. തെരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ കെസി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
