ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിക്ക് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു.
Kerala cabinet decisions
cabinet decisions
Updated on
2 min read

തിരുവനന്തപുരം: കേരളതീര പ്രദേശത്തെ കടലിൽ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ മന്ത്രിസഭാ യോ​ഗം (cabinet decisions) തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ

തുടർച്ചാനുമതി

റവന്യൂ വകുപ്പിന്റെ കീഴിൽ ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ഒരു വർഷത്തേക്കാണ് തുടർച്ചാനുമതി.

തസ്തിക

റവന്യൂ വകുപ്പിൽ 2 സ്‌പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികകൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇക്കു വേണ്ടിയാണ് 2 പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. 12 കിഫ്ബി എൽ.എ യൂണിറ്റുകൾക്കായി അധികമായി സൃഷ്ടിച്ചിരുന്ന 62 താൽക്കാലിക തസ്തികകൾക്ക് 2024 നവംബർ പത്ത് മുതൽ ഒരു വർഷത്തേക്കു കൂടി തുടർച്ചാനുമതി നൽകി. സേവന വേതന ചിലവുകൾ കിഫ്ബി വഹിക്കണമെന്നുള്ള വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്.

വേതനം പരിഷ്‌കരിച്ചു

സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രതിമാസ വേതനം പരിഷ്‌കരിച്ചു. 60,000 രൂപയിൽ നിന്നും 70,000 രൂപയാക്കി ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടുകൂടിയാണ് വേതനം പരിഷ്‌ക്കരിച്ചത്. എൻഡിപിഎസ് കോടതി, എസ്‍സി/എസ്ടി കോടതി, അബ്കാരി കോടതി, പോക്‌സോ കോടതി, എൻഐഎ കോടതി എന്നീ പ്രത്യേക കോടതികളിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വേതനമാണ് പരിഷ്‌കരിച്ചത്.

തോന്നയ്ക്കൽ സയൻസ് പാർക്ക്

തിരുവനന്തപുരം തോന്നയ്ക്കലിൽ കേരള ലൈഫ് സയൻസ് ഇൻഡസ്ട്രീസ് പാർക്കി (KLIP) ന്റെ ബയോ 360 ലൈഫ് സയൻസ് പാർക്ക്- രണ്ടാം ഘട്ടത്തിൽ 215 കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രകാരം കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (CSIR - NIIST) ഇന്നൊവേഷൻ, ടെക്‌നോളജി, എന്റർപ്രണർഷിപ്പ് എന്നിവയ്ക്കായുള്ള സെന്റർ സ്ഥാപിക്കുന്നതിന് അനുമതി നൽകി. ഇതുകൂടാതെ 10 ഏക്കർ ഭൂമി 90 വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് CSIR - NIIST ന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.

സമുദായ നാമം മാറ്റി

സംസ്ഥാന ഒബിസി പട്ടികയിലെ 19-ാം ഇനമായ 'ഗണിക' എന്ന സമുദായ നാമം 'ഗണിക/ഗാണിഗ' (Ganika/Ganiga) എന്ന് മാറ്റം വരുത്തും. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് പാർട്ട് I ഷെഡ്യൂൾഡ് ലിസ്റ്റ് III ൽ ഉൾപ്പെട്ട സമുദായമാണിത്.

പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിക്ക് അനുവദിച്ച 20.7250 ഏക്കർ ഭൂമിയുടെ പാട്ടനിരക്ക് പുതുക്കി നിശ്ചയിച്ചു. വാർഷിക പാട്ടനിരക്ക് സെന്റ് ഒന്നിന് ഒരു രൂപാ നിരക്കിൽ 2014 മെയ് അഞ്ചു മുതൽ 30 വർഷത്തേക്കാണ് പാട്ടം പുതുക്കി നിശ്ചയിച്ചത്.

ഭരണാനുമതി

'കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് സ്ഥാപിക്കൽ' എന്ന പദ്ധതിക്കായി നിർവ്വഹണ ഏജൻസി സമർപ്പിച്ച വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ പുതുക്കിയ ഭരണാനുമതി നൽകി. ജിഎസ്ടി ഉൾപ്പെടെ 643.88 കോടി രൂപയുടെ ഭരണാനുമതിക്കാണ് അനുമതി.

പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ കൂട്ടുകടവ് റെഗുലേറ്റർ നിർമ്മാണ പ്രവൃത്തിയുടെ ബാലൻസ് മെക്കാനിക്കൽ പ്രവൃത്തികൾക്ക് DSR 2018+25 ശതമാനം പ്രകാരമുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകി.

കരാർ അനുമതി

കാസർഗോഡ് ബേദടുക്ക താലൂക്ക് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡർ അംഗീകരിച്ചു. 12,68,65,399.62/ രൂപയുടെ ടെൻഡറിനാണ് അനുമതി നൽകിയത്.

ജല വിഭവ വകുപ്പിന്റെ കീഴിൽ ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണപുരം എന്നീ പഞ്ചായത്തുകളിൽ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 18,07,67,446.56/ രൂപയുടെ പ്രവൃത്തിക്കുള്ള ബിഡ്ഡാണ് അനുവദിച്ചത്.

കൊച്ചി കോർപ്പറേഷന്റെ കീഴിലെ ചളിക്കവട്ടം, തമ്മനം മേഖലകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ടെൻഡറിന് അനുമതി നൽകി. 1,62,57,067 രൂപയ്ക്കാണ് അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്ക് ടെൻഡർ അനുമതി നൽകിയത്.

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര, ഓമല്ലൂർ പഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പ്രവൃത്തികൾക്കായി സമർപ്പിച്ച ബിഡ്ഡിന് അനുമതി നൽകി. 13,33,62,974 രൂപയുടെ ബിഡ്ഡിനാണ് അനുമതി നൽകിയത്.

എറണാകുളം കളമശ്ശേരി മുൻസിപ്പാലിറ്റിയിലെ കുട്ടിയുടെ വിവിധ പ്രവർത്തികൾക്ക് ഉള്ള ടെൻഡറിന് അംഗീകാരം നൽകി.അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിക്ക് 11,95,85,482 കോടി രൂപയുടെ ടെൻഡറിനാണ് അംഗീകാരം നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com