അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശന്‍

അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.
vd satheesan against pv anvar
vd satheesan ഫയൽ ചിത്രം
Updated on

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അന്‍വറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . അന്‍വറിനുള്ള മറുപടി നാവിന്‍ തുമ്പിലുണ്ട്. എന്നാല്‍ താന്‍ മറുപടി നല്‍കുന്നില്ലെന്ന് വിഡി സതീശന്‍ (vd satheesan)പറഞ്ഞു. മുക്കാല്‍ പിണറായിയെന്ന പിവി അന്‍വറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന്റെ ഉപാധികള്‍ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പില്‍ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങള്‍. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും അറിയാം. അതാണ് അന്‍വറും പറഞ്ഞത്. എന്നാല്‍ ഈ ഇലക്ഷനില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ഒരുചലനവും ഉണ്ടാക്കാന്‍ അന്‍വറിന് കഴിയില്ല. അന്‍വര്‍ എന്നത് ഇപ്പോള്‍ അടഞ്ഞ അധ്യായമാണ്. മലപ്പുറം എല്ലാ കാലത്തും യുഡിഎഫ് കോട്ടയാണെന്നും സണ്ണി ജോസഫ് പറഞ്ഞു

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ വനം വകുപ്പും ആഭ്യന്തര വകുപ്പും തനിക്ക് നല്‍കുകയോ അല്ലെങ്കില്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തുനിന്നു മാറ്റുകയോ ചെയ്താല്‍ മാത്രമേ പത്രിക പിന്‍വലിക്കൂവെന്ന് യുഡിഎഫിനെ അറിയിച്ചതായി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സതീശന്‍ മുക്കാല്‍ പിണറായിയാണെന്നും അന്‍വര്‍ ആരോപിച്ചു.

'വനം മന്ത്രി സ്ഥാനം എനിക്ക് നല്‍കണം. പൊലീസിലെ ആര്‍എസ്എസ് വല്‍ക്കരണം ഇല്ലാതാക്കണമെങ്കില്‍ ആഭ്യന്തര വകുപ്പ് എനിക്ക് നല്‍കണം. അല്ലെങ്കില്‍ വിഡി സതീശനെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഉറപ്പു നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. ഈ രണ്ടു വകുപ്പുകളാണ് ഇവിടെ ശുദ്ധീകരിക്കപ്പെടേണ്ടത്. ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര ലോബിയുടെ സഹായത്തോടെ മലയോര ജനതയെ കുടിയിറക്കാന്‍ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമാക്കി മലയോര മേഖലയെ മാറ്റുകയാണ്. മൃഗങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും കഴിക്കാന്‍ തീറ്റയുമില്ല. സംരക്ഷണ ഭിത്തിയില്ല. ഈ രീതിയില്‍ പോയാല്‍ കോഴിക്കോട് അങ്ങാടി വരെ വനമാകും. ഇതിന് തടയിടാന്‍ വനംവകുപ്പ് എനിക്ക് നല്‍കണം.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് സതീശനാണ്. അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫിന്റെ മുന്നണിപ്പോരാളിയായി രംഗത്തുണ്ടാകും. മത്സരത്തിൽനിന്ന് പിന്മാറില്ല. സതീശനാണ് എന്നെ മത്സരരംഗത്തിറക്കിയത്. മലപ്പുറം ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്താത്തതിനാൽ ജില്ലയെ വിഭജിക്കേണ്ടത് അത്യാവശ്യമാണെന്നും അൻവർ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com