കൈവെട്ട് കേസ്: മുഖ്യപ്രതി 14 വർഷം ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിലും കേരളത്തിലുമെന്ന് എൻഐഎ, കോടതി ജാമ്യം നിഷേധിച്ചു

ജാമ്യമില്ലാ വാറണ്ട് (NBW), ലുക്ക്ഔട്ട് നോട്ടീസ്, എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്നീ ശ്രമങ്ങൾ നടത്തിയിട്ടും സവാദിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് എൻ ഐ എ പറഞ്ഞു.
t j joseph
hand-chopping case: ടി ജെ ജോസഫ് (ഫയൽ ചിത്രം)ഫയൽ
Updated on

പ്രൊഫസർ ടി ജെ ജോസഫ് കൈവെട്ട് കേസിലെ (hand-chopping case) മുഖ്യപ്രതിയായ സവാദ് സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് ഒളിവിൽ കഴിഞ്ഞതെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറിയിച്ചു. സവാദിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്.

തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ 2010 ജൂലൈ നാലിന്, കാറിൽ നിന്ന് വലിച്ചിറക്കി ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് സവാദ് കൈ വെട്ടിമാറ്റിയതായാണ് കേസിൽ ആരോപിക്കുന്നത്. സംഭവത്തിന് ശേഷം, സവാദ് ഒളിവിൽ പോയി, 2024 ജനുവരി 10 ന് കണ്ണൂരിൽ ഷാജഹാൻ എന്ന പേരിൽ താമസിച്ചുവരുന്നതിനിടെ അവിടെ വെച്ചാണ് അറസ്റ്റിലായത്.

ജാമ്യമില്ലാ വാറണ്ട് (NBW), ലുക്ക്ഔട്ട് നോട്ടീസ്, എവിടെയാണെന്ന് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം എന്നീ ശ്രമങ്ങൾ നടത്തിയിട്ടും സവാദിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ലെന്ന് ജാമ്യാപേക്ഷയെ എതിർത്ത് എൻ ഐ എ പറഞ്ഞു.

t j joseph
കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ

"തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ഒളിച്ചു താമസിച്ചുകൊണ്ട് ഏകദേശം 14 വർഷത്തോളം പ്രതി അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറി. ഒടുവിൽ 2024 ജനുവരി 10 ന് മാത്രമാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിനെതിരായ കേസ് വിചാരണയ്ക്ക് തയ്യാറായിരിക്കുകയാണ്," എൻഐഎ കോടതിയെ അറിയിച്ചു.

സവാദിന് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധമുണ്ടെന്ന റിപ്പോർട്ടിലും ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) അംഗമായതിനാൽ സവാദിന് മതമൗലികവാദ സംഘടനകളുമായി ശക്തമായ ബന്ധമുണ്ട്. ജാമ്യത്തിൽ വിട്ടയച്ചാൽ, ഒളിച്ചോടാനോ, സാക്ഷികളെ ഭീഷണിപ്പെടുത്താനോ, സ്വാധീനിക്കാനോ, തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞു.

തന്റെ നിരപരാധിത്വം വാദിച്ച സവാദ്, താൻ ഒളിവിൽ പോയി എന്ന പ്രോസിക്യൂഷന്റെ വാദം നിഷേധിച്ചു. കസ്റ്റഡിയിലെടുത്തപ്പോൾ അറസ്റ്റിന്റെ കാരണങ്ങൾ തന്നെ അറിയിച്ചില്ല എന്നും അദ്ദേഹം വാദിച്ചു.

t j joseph
മുഖ്യ പ്രതിക്ക് ഒളിത്താവളം ഒരുക്കി; കൈവെട്ട് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

എന്നാൽ, സവാദ് ഗുരുതരമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട ശേഷം നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിഞ്ഞയാളാണെന്നും അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എൻ‌ഐ‌എ വാദിച്ചു.

അന്വേഷണ ഏജൻസിയുടെ നിലപാടിനോട് കോടതി യോജിക്കുകയും പ്രതി ദീർഘകാലം അറസ്റ്റ് ഒഴിവാക്കിയെന്ന കാര്യവും കോടതി പരിഗണിച്ചു.

"താൻ ഒളിവിലല്ല എന്ന സവാദിന്റെ വാദം വിശ്വസിക്കാൻ പ്രയാസമാണ്. പേരും രൂപവും മാറ്റി കേരളത്തിനകത്തും പുറത്തും താമസിച്ചിരുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ, കോടതിയുടെ നടപടിക്രമങ്ങളിൽ നിന്ന് മനഃപൂർവ്വം ഒഴിഞ്ഞുമാറുകയായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീണ്ടും ഒളിവിൽ പോകാനും വിചാരണയ്ക്ക് ഹാജരാകാതിരിക്കാനും സാധ്യതയുണ്ട്," എന്ന് കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതി വീണ്ടും രക്ഷപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി, ഈ ഘട്ടത്തിൽ ഹർജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്ന് കാണിച്ച് ജാമ്യാപേക്ഷ കോടതി തള്ളി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com