
മെസിയും സംഘവും കേരളത്തിൽ പന്ത് തട്ടാനിറങ്ങുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനത്തോടെ കായിക പ്രേമികൾ ആവേശത്തിലാണ്. അപ്പോഴുമൊരു ചോദ്യം അവശേഷിക്കുന്നു. എവിടെയാകും മത്സരം നടക്കുക ? മന്ത്രി വി അബ്ദുറഹ്മാൻ പറയുന്നത് അനുസരിച്ചു രണ്ട് വേദികൾ ആണ് സർക്കാരിന്റെ മുന്നിൽ ഉള്ളത്. അതിൽ ആദ്യത്തേത് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും (Greenfield International Stadium) കലൂരിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവുമാണ്.
ഗ്രീൻ ഫീൽഡ് സ്റ്റേഡിയം
സർക്കാരിന്റെ കൂടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ കളി നടത്താനാകും എന്നാണ് പ്രതീക്ഷ. നിലവിൽ ഗ്രൗണ്ടിന്റെ പരിപാലനം കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്. സ്റ്റേഡിയത്തിന്റെ നവീകരണം സർക്കാരിന്റെ ചുമതലയും. എന്നാൽ മത്സരം നടത്തുന്നതിന് കെസിഎ നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് സൂചന. അതിനു കാരണം ഐ.സി.സി അംഗീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയമാണ് കാര്യവട്ടത്ത് ഉള്ളത്.
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയിൽ വനിതാ ലോകകപ്പ് മത്സരങ്ങള്‍ നടക്കാരിനിരിക്കേ കാര്യവട്ടം സ്റ്റേഡിയം ഇതിനായി പരിഗണിക്കുന്നു എന്ന ചർച്ച സജീവമായിരുന്നു. അത് കൊണ്ട് ആ സമയത്തു ഫുട്ബോളിന് എങ്ങനെ ഗ്രൗണ്ട് വിട്ടു നൽകും എന്നായിരുന്നു ക്രിക്കറ്റ് അസോസിയേഷന്റെ ആശങ്ക. എന്നാൽ ഐസിസി പ്രഖ്യാപിച്ച വനിതാ ലോകകപ്പ് മത്സരങ്ങൾക്കുള്ള വേദിയിൽ കാര്യവട്ടം ഉൾപ്പെടുത്തിയിട്ടില്ല. ഗാലറിയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാ എന്ന വിലയിരുത്തൽ ഐസിസി സംഘം നടത്തി എന്നാണ് സൂചന.
ഇതോടെ മെസി വരുന്ന സമയത്ത് കാര്യവട്ടം സ്റ്റേഡിയം മത്സരങ്ങൾ നടത്താൻ ലഭ്യമാകും. പക്ഷെ മത്സരങ്ങൾ നടത്താൻ ഇനിയും വെല്ലുവിളികൾ ഏറെ മറികടക്കേണ്ടതുണ്ട്. നിലവിൽ ക്രിക്കറ്റിനു അനുകൂലമായ രീതിയിൽ ആണ് പുൽ മൈതാനത്തിന്റെ നിർമാണം, ഗ്രൗണ്ടിന്റെ മധ്യഭാഗത്തും, വശത്തുമൊക്കെ പ്രാക്ടിസിങ് പിച്ചുകൾ ഉണ്ട്. അവയെല്ലാം നേരെയാക്കി ഫുട്ബോളിന് വേണ്ടി പ്രത്യേകം ഫിഫ മാനദണ്ഡത്തിൽ പുതിയ ഗ്രൗണ്ട് നിർമ്മിക്കേണ്ടി വരും.
അതിനു വേണ്ടി ചുരുങ്ങിയ സമയം മാത്രമാണ് ഇനി സർക്കാരിന് മുന്നിൽ അവശേഷിക്കുന്നത്. അത് എങ്ങനെ പൂർത്തിയാക്കും എന്നതാണ് പ്രധാനമായ വെല്ലുവിളി. 55000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് നിലവിൽ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റിനായി ഇരു വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സൈഡ് സ്ക്രീൻ കൂടി മാറ്റിയാൽ കൂടുതൽ ആളുകൾക്ക് മത്സരം കാണാൻ കഴിയും. എയർപോർട്ടിൽ നിന്നും നേരിട്ട എത്താമെന്നതും, പ്രധാന പാതയിൽ നിന്ന് കിലോമീറ്റർ മാറിയാണ് സ്റ്റേഡിയം സ്ഥിതി ചെയുന്നത് എന്നുള്ളതുമൊക്കെ സ്റ്റേഡിയത്തിന് അനുകൂലമായ ഘടകമാണ്.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കലൂർ സ്റ്റേഡിയം നിലവിൽ ഫുട്ബോളിനു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്നത്തിയത് കൊണ്ട് ആണ് സർക്കാർ ഈ ഗ്രൗണ്ട് മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. കേരളത്തിനെ എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകൾക്ക് മത്സരം കാണാനായി എത്തിച്ചേരാനാകും എന്നുള്ളത് ആണ് മറ്റൊരു പ്രത്യേകത.
എന്നാൽ ഗാലറിയുടെ അവസ്ഥയും സ്റ്റേഡിയത്തിന്റെ കാലപ്പഴക്കവുമൊക്കെ വിലയിരുത്തി ഇത്തവണ ഐഎസ്എൽ പോലും ബ്ലാസ്റ്റേഴ്സിന് ഇവിടെ ഹോം ഗ്രൗണ്ട് അനുവദിക്കാൻ കഴിയില്ല എന്ന തീരുമാനമാണ് എടുത്തത്. ഫിഫ മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഗ്രൗണ്ടിനില്ലാത്ത കൊണ്ട് നേരത്തെയും ചില മത്സരങ്ങൾ കലൂർ നടക്കാതെയും വന്നിട്ടുണ്ട്. നിലവിലെ അവസ്ഥയിൽ മത്സരം നടത്താൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയം തന്നെയാകും ഏറ്റവും അനുയോജ്യം.
മെസി പന്ത് തട്ടാനിറങ്ങുന്നത് ഇനി തിരുവനന്തപുരത്ത് ആയാലും കൊച്ചിയിൽ ആയാലും കേരളത്തിലെ ആരാധകരെ കൊണ്ട് ഗ്രൗണ്ട് നിറയും എന്ന കാര്യത്തിൽ യാതൊരു സംശയുമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ