നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു, പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കേസെടുത്ത് പൊലീസ്
മലപ്പുറം: നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ( Student death Nilambur ) പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മരിച്ച കുട്ടിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പാലാട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അഞ്ച് കുട്ടികളില്‍ നാല് പേര്‍ക്ക് ഷോക്കേറ്റത് എന്നാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്ന നിലമ്പൂരില്‍ വിദ്യാര്‍ഥിയുടെ മരണം രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും തുടക്കമിട്ടു. മരണത്തിന് കാരണം സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രി സന്ദര്‍ശിച്ച ശേഷമായിരുന്നു നടപടി. വൈദ്യുതി കെണികള്‍ക്ക് സ്ഥാപിക്കുന്ന സംഭവങ്ങളില്‍ കെഎസ്ഇബി മൗനം പാലിക്കുകയാണ്. വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജും ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കണം എന്നും എം സ്വരാജ് ആവശ്യപ്പെട്ടു. ഇതിനിടെ, കുട്ടിയുടെ അപകടമരണത്തില്‍ പ്രതിഷേധിച്ച് നിലമ്പൂരില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് ഉടപെട്ട് മാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനും ഉടയാക്കി.
അതേസമയം, പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം സര്‍ക്കാരിന് മേല്‍കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നു എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചു. ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. കുട്ടികള്‍ക്ക് ഷോക്കേറ്റത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ നിയമലംഘനത്തിന് വനംവകുപ്പിനെ പഴി പറയുകയാണ് ചെയ്യുന്നത്. ഇലക്ട്രിക് ഫെന്‍സിങ്ങുകളല്ല, സോളാര്‍ ഫെന്‍സിങ് മാത്രമാണ് വനം വകുപ്പ് സ്ഥാപിക്കാറുള്ളത് എന്നും വനം മന്ത്രി ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

