

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതിനെത്തുടർന്നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് (Nilambur by election) അരങ്ങൊരുങ്ങിയത്. ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് അൻവർ മത്സരിക്കുന്നത്. തന്റെ സ്ഥാനാർത്ഥിത്വത്തിന്റെ സാധ്യതകളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും പി വി അൻവർ ന്യൂ ഇന്ത്യൻ എക്സ്‌പ്രസിനോട് മനസ്സു തുറക്കുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസുമായി അൻവർ നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
ചോദ്യം- നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ എന്തൊക്കെയാണ് പ്രതീക്ഷകൾ?
പി വി അൻവർ- എനിക്ക് ജനങ്ങളിൽ നിന്ന് നല്ല പിന്തുണയുണ്ട്. ഞാനല്ല സ്ഥാനാർത്ഥി, നിലമ്പൂരിലെ എല്ലാ വോട്ടർമാരുമാണ്. ഈ പ്രദേശത്ത് ഞാൻ ഉന്നയിച്ച വിഷയങ്ങൾ, എല്ലാ ജനവിഭാഗങ്ങളും, എല്ലാ രാഷ്ട്രീയ പാർട്ടികളും, എല്ലാ മതവിഭാഗങ്ങളും, രാഷ്ട്രീയമില്ലാതെ'പിണറായിസ'ത്തിനെതിരെ ചിന്തിക്കുന്നവരും എന്നോടൊപ്പം സ്ഥാനാർത്ഥികളാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കുന്ന ഒരു തെരഞ്ഞെടുപ്പായിരിക്കും ഇത്. എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഇത് ഒരു തിരിച്ചറിവ് നൽകും. ജനങ്ങൾ അടിമകളാണെന്ന തെറ്റിദ്ധാരണയും ഈ തെരഞ്ഞെടുപ്പ് തിരുത്തും.
ചോദ്യം- മത്സരം രണ്ട് ശക്തമായ മുന്നണികൾക്കെതിരെയാണ്...
അൻവർ- തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ജനങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം. കേരളം കാത്തിരിക്കുന്ന ഫലം പുറത്തുവരും. സ്വതന്ത്രനാകുന്നതിന് പരിമിതികളൊന്നുമില്ല. ഇവിടെ പോരാട്ടം രണ്ട് മുന്നണികൾക്കെതിരെയല്ല, മറിച്ച് 'പിണറായിസ'ത്തിനെതിരെയാണ്. പോരാട്ടം പിണറായിയും ജനങ്ങളും തമ്മിലാണ്.
ചോദ്യം- പ്രധാന പോരാട്ടം പിണറായിക്കെതിരെയോ വി ഡി സതീശനെതിരെയോ?
അൻവർ- പ്രധാന പോരാട്ടം 'പിണറായിസ'ത്തിനെതി രെയാണ്.ഒരു വശത്ത്, പാർട്ടിയുടെ (സിപിഎം) ഒരു സെക്രട്ടേറിയറ്റ് അംഗം കേരളത്തിലുടനീളം 'പിണറായിസം' പ്രസംഗിക്കുന്നു ‘ പിണറായിസത്തിനൊപ്പം നിൽക്കുന്ന സ്ഥാനാർത്ഥിയാണ് യുഡിഎഫിലുള്ളത്. അതിനെയാണ് വി ഡി സതീശൻ പിന്തുണയ്ക്കുന്നത്. അതിനെതിരെ ആളുകൾ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കും.
കഴിഞ്ഞ ഒമ്പത് മാസമായി ഞാൻ ഈ 'പിണറായിസ'ത്തിനെതിരെ ആവർത്തിച്ച് സംസാരിക്കുകയും മലബാറിലെ പൊലീസിന്റെ ക്രിമിനൽ സംഘങ്ങളെ തുറന്നുകാട്ടുകയും ചെയ്തിട്ടും, 'പിണറായിസ'ത്തിനെതരി ഒരു വാക്കുപോലും ഉച്ചരിക്കാതെ 'മറഞ്ഞിരിക്കുന്ന പിണറായി'യാണ് സതീശൻ.
ചോദ്യം - വി എസ് ജോയിയും മറ്റുള്ളവരും പറയുന്നത് യുഡിഎഫ്, അൻവറിനെ അനുനയിപ്പിക്കാൻ ശ്രമിക്കുമെന്ന് തന്നെയാണ്...
അൻവർ- അവസാന നിമിഷം വരെ അങ്ങനെയായിരുന്നു. പിണറായിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചവരെല്ലാം നമ്മളും (പി വി അൻവറും യുഡിഎഫും) ഒരുമിച്ച് പോകണമെന്ന് ആഗ്രഹിച്ചു. അത് അവരുടെ നല്ല ചിന്തയുടെ ഭാഗമായിരുന്നില്ലേ?
ചോദ്യം- എത്ര ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്, അല്ലെങ്കിൽ അൻവറിന് എത്ര വോട്ട് ലഭിക്കും എന്നാണ് കണക്കുകൂട്ടുന്നത്?
അൻവർ- 75,000 വോട്ടുകളിൽ കുറയാതെ ലഭിക്കും. ഒരു ലക്ഷം വരെ ലഭിക്കാം.
ചോദ്യം- അൻവറിന് ആരുടെ വോട്ട് ലഭിക്കും, എൽഡിഎഫിന്റെയോ അതോ യുഡിഎഫിന്റെയോ?
അൻവർ - ജനങ്ങളുടെ വോട്ട്.
നിലമ്പൂരിൽ അൻവർ ഘടകം ഇല്ലെന്ന് ഇരു മുന്നണികളും ഇപ്പോൾ അവകാശപ്പെടുന്നു...
അൻവർ- അവർ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കണം. അതാണ് എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്. ജൂൺ 23-ന് അവർ അത് അറിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
